ആലപ്പുഴ: റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനയെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിലാണ് മന്ത്രി ഭരണഘടന ഉറപ്പു നൽകുന്ന മൂല്യങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും വാചാലനായത്. മാസങ്ങൾക്ക് മുൻപ് ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച മന്ത്രിക്കെതിരെ ശക്തമായ ജനരോഷം ഉയർന്നതിനെ തുടർന്ന് അദ്ദേഹത്തിന് രാജിവെയ്‌ക്കേണ്ടി വന്നിരുന്നു. പിന്നീട് കഴിഞ്ഞ മാസമാണ് അദ്ദേഹം വീണ്ടും മന്ത്രിസഭയിൽ എത്തിയത്.
1950 ജനുവരി 26 ന് നമ്മുടെ രാജ്യം റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കപ്പെട്ടപ്പോൾ നീതി സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നിവ ഉറപ്പു നൽകുന്ന വ്യവസ്ഥിതിയുടെ പ്രഖ്യാപനമാണ് ഉണ്ടായതെന്ന് സജി ചെറിയാൻ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ നൽകുന്ന കെട്ടുറപ്പാണ് നമ്മുടെ കരുത്ത്.
നമ്മുടെ രാജ്യം വിവിധ പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്. ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യമെന്നാണ് ഭരണഘടനയുടെ ആമുഖത്തിൽ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം എഴുതിയിരിക്കുന്നത്. വിവിധ മതങ്ങളും സംസ്‌കാരങ്ങളും ആചാരങ്ങളും വേഷങ്ങളും ഭാഷകളും കൂടിച്ചേരുന്നതാണ് നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്നവരെ സാമൂഹ്യമുന്നേറ്റത്തിൽ പങ്കാളിയാക്കി മുഖ്യധാരയിലെത്തിക്കാൻ ഇനിയും നമുക്ക് ഏറെ മുന്നോട്ടു സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ മുന്നോട്ടുളള പ്രയാണത്തിന് പ്രതിരോധം സൃഷ്ടിക്കും.
രാജ്യത്തിന്റെ മതേതരത്വം മറ്റ് ലോകരാജ്യങ്ങൾക്കാകെ മാതൃകയായി മാറിയതാണ്. സമാധാനവും സാഹോദര്യവും പുലരുന്ന ഐശ്വര്യപൂർണമായ ഭാരതം എന്ന ശ്രമത്തെ തകർക്കാനുളള ശ്രമം ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനെ ചെറുക്കേണ്ടതുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിൽ നമ്മുടെ ഭരണസംവിധാനങ്ങൾ പരാജയപ്പെട്ടുകൂടായെന്നും മന്ത്രി പറഞ്ഞു.
Discussion about this post