എറണാകുളം: പറവൂരിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ തേരട്ട. പ്യുവർ വെജിറ്റേറിയൻ ഹോട്ടലായ വസന്തവിഹാറിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ആയിരുന്നു തേരട്ടയെ കണ്ടത്. വിവരം അറിഞ്ഞെത്തിയ ആരോഗ്യപ്രവർത്തകർ ഹോട്ടൽ പൂട്ടിച്ചു.
രാവിലെ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയ കുടുംബത്തിനാണ് തേരട്ട കിട്ടിയത്. മസാലദോശയിലെ മസാലയ്ക്കുള്ളിൽ ആയിരുന്നു തേരട്ട. കഴിക്കുന്നതിനിടെയായിരുന്നു സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ കുടുംബം പരാതിപ്പെടുകയായിരുന്നു.
ഇതിന്റെ ആരോഗ്യവിഭാഗം ഹോട്ടലിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടച്ചു പൂട്ടിയത്. പലഹാരങ്ങൾ പാകം ചെയ്യാൻ ഉപയോഗിക്കുന്ന മാവ് വൃത്തിഹീനമായാണ് സൂക്ഷിച്ചിരുന്നത്. ഇതിന് പുറമേ പഴകിയ ഭക്ഷണവും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.
നേരത്തെ പറവൂവിലെ മജ്‌ലിസ് ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച 100 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഹോട്ടൽ ഭക്ഷണത്തിൽ നിന്നും തേരട്ടയെ ലഭിച്ചിരിക്കുന്നത്. ഈ ഹോട്ടലിനെതിരെ നേരത്തെയും പരാതി ഉയർന്നിട്ടുണ്ടെന്നാണ് വിവരം.
സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നത് എന്ന് പറവൂർ നഗരസഭാ അദ്ധ്യക്ഷ പറഞ്ഞു. ഹോട്ടലിനെതിരെ കർശന നടപടി സ്വീകരിക്കും. നിലവിൽ ഹോട്ടലിന് അടച്ചുപൂട്ടാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ധ്യക്ഷ പ്രതികരിച്ചു.
Discussion about this post