വാഷിംഗ്ടൺ: സൊമാലിയയിൽ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ തീവ്രവാദ സംഘടയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശിക നേതാവ് ബിലാൽ അൽ-സുഡാനി കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പുറത്ത് വിട്ടത്. വടക്കൻ സൊമാലിയയിലെ പർവതമേഖലയിൽ സുഡാനി ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് യുഎസ് സൈന്യം തിരച്ചിലിനിറങ്ങിയത്. തുടർന്നുണ്ടായ വെടിവയ്പ്പിലാണ് ഇയാൾ കൊല്ലപ്പെടുന്നത്.
സുഡാനിക്ക് പുറമെ പത്തോളം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും, അമേരിക്കൻ സൈനികരുടെ ഭാഗത്ത് മറ്റ് നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായില്ലെന്നും അധികൃതർ വ്യക്തമാക്കി. ജോ ബൈഡന്റെ ഉത്തരവ് അനുസരിച്ചാണ് യുഎസ് സൈന്യം വടക്കൻ സൊമാലിയയിൽ ഭീകരവേട്ട നടത്തിയതെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രസ്താവനയിൽ വ്യക്തമാക്കി.
ആഫ്രിക്കൻ മേഖലകളിൽ ഐഎസിന്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിലും, അഫ്ഗാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഐഎസിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ധനസമാഹരണം നടത്തിയിരുന്നതും സുഡാനിയായിരുന്നു. വടക്കൻ സൊമാലിയ കേന്ദ്രമാക്കിയായിരുന്നു ഇയാളുടെ പ്രവർത്തനങ്ങൾ. അഫ്ഗാനിലെ ഐഎസ് ഖൊറാസാന്റെ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചിരുന്നതും സുഡാനിയാണെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റിൽ എത്തുന്നതിന് മുൻപ് സൊമാലിയയിലെ തീവ്രവാദ സംഘടനയായ അൽ-ഷബാബിന് വേണ്ടിയാണ് സുഡാനി പ്രവർത്തിച്ചിരുന്നത്. സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിരുന്നത് ഇയാളായിരുന്നു. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് സുഡാനിയുടെ ഒളിസ്ഥലം അന്വേഷണസംഘം കണ്ടെത്തുന്നത്. തുടർന്ന് മാസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഓപ്പറേഷൻ നിശ്ചയിക്കുന്നത്.
Discussion about this post