തിരുവനന്തപുരം : യുവജന കമ്മീഷൻ അദ്ധ്യക്ഷ ഡോ. ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര തെറ്റ്. മലയാള സാഹിത്യത്തിലെ മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്റെ പേരാണ് തെറ്റിയത്. ഈ ഗവേഷണ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. ജന്മിത്വത്തിനെതിരായ പോരാട്ടം ഓർമ്മിപ്പിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം ഏറ്റെടുത്ത കവിതയാണ് ചങ്ങമ്പുഴയുടെ വാഴക്കുല.
ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം പൂർത്തിയാക്കിയ ചിന്തയ്ക്ക് 2021 ലാണ് ഡോക്ടറേറ്റ് ലഭിച്ചത്. നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയാക്കിയാണ് ചിന്ത ജെറോം ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശൻറെയും രഞ്ജിത്തിൻറെയും സിനിമകളെന്നാണ് പഠനത്തിൽ പറയുന്നത്. ഇതിന് പിന്നാലെ വാഴക്കുല എന്ന കവിതയേക്കുറിച്ചും പ്രതിപാദിക്കുന്നു. വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്ത ജെറോം ഗവേഷണ പ്രതിബന്ധത്തിൽ എഴുതിയിരിക്കുന്നത്.
കേരള സർവകലാശാല പ്രോ വൈസ് ചാൻസലറായിരുന്ന അജയകുമാറിൻറെ മേൽനോട്ടത്തിലാണ് പഠനം തയ്യാറാക്കിയത്. ഇത് വിവിധ കമ്മിറ്റികൾക്ക് മുന്നിലെത്തിയിട്ടും ആരും തെറ്റ് കണ്ടുപിടിച്ചില്ല, അബദ്ധം പറ്റിയതിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് തലയൂരുകയാണ് ചിന്ത ജെറോം. ഇതേക്കുറിച്ച് ഓർക്കുന്നില്ലെന്ന് ഗൈഡും പറയുന്നു.
Discussion about this post