ആലപ്പുഴ: കൊല്ലം കരുനാഗപ്പളളിയിലെ ലഹരിക്കടത്ത് കേസിൽ തന്നെ കുടുക്കാൻ സിപിഎമ്മിലെ ചില മുതിർന്ന നേതാക്കൾ ശ്രമിച്ചുവെന്ന് കേസിൽ ആരോപണ വിധേയനായ ആലപ്പുഴ കൗൺസിലർ എ ഷാനവാസ്. മുൻമന്ത്രി ജി സുധാകരൻ, പി.പി ചിത്തരഞ്ജൻ എംഎൽഎ, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവരാണ് ഇതിന് പിന്നിലെന്നും ഷാനവാസ് ആരോപിച്ചു. ഇഡിക്കും ജിഎസ്ടി വകുപ്പിനും പരാതി നൽകിയതിന് പിന്നിൽ ഈ പ്രമുഖരാണെന്നും ഷാനവാസ് ആരോപിക്കുന്നു. ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റിക്ക് നൽകിയ കത്തിലാണ് ഷാനവാസ് പാർട്ടിയിലെ ഉന്നതർക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഈ പ്രമുഖ നേതാക്കന്മാരുടെ പ്രേരണയിലാണ് തനിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകൾ എന്നിവയ്ക്ക് പാർട്ടിയിലെ പ്രാദേശിക നേതാവ് പോലീസിനും, ഇഡിക്കും, ജിഎസ്ടി വകുപ്പിനും പരാതി നൽകിയത്. ആലപ്പുഴയിൽ പാർട്ടിക്കുള്ളിലുള്ള വിഭാഗീയതയാണ് ലഹരിക്കടത്ത് കേസിന് പിന്നിലെന്നും ഷാനവാസ് കത്തിൽ ആരോപിക്കുന്നുണ്ട്. ജില്ലാ സെക്രട്ടറിക്കെതിരേ ആരോപണങ്ങൾ ഉയർത്തിയിരിക്കുന്ന കത്ത് പാർട്ടി കേന്ദ്ര നേതൃത്വത്തിന് കൈമാറാനാണ് ഏരിയ കമ്മിറ്റികളുടെ തീരുമാനം. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ പിടിയിലായ വാഹനത്തിന്റെ ഉടമയാണ് ഷാനവാസ്. ഇയാളെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
പാർട്ടിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്ത് വരുന്നതിൽ സംസ്ഥാന നേതൃത്വത്തിനും അതൃപ്തിയുണ്ട്. ആലപ്പുഴ, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലും ആഭ്യന്തര കലഹം രൂക്ഷമാണ്. കഴിഞ്ഞ പാർട്ടി സമ്മേളനങ്ങൾ മുതൽ ഏരിയ കമ്മിറ്റിയുടെ പ്രവർത്തന ശൈലിക്കെതിരെ വിവിധ ലോക്കൽ കമ്മിറ്റികൾ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ നേതൃത്വം പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ച് വിവിധ ലോക്കൽ കമ്മിറ്റികളിൽ നിന്നായി 280ലധികം പേരാണ് രാജി വച്ചത്.
Discussion about this post