തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ പ്രബന്ധത്തിനെതിരെ കേരള സർവകലാശാല വിസിയ്ക്ക് കത്ത്. പ്രബന്ധം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് കത്ത് നൽകിയത്. ചിന്തയുടെ പ്രബന്ധത്തിൽ വസ്തുതാപരമായ ചില പിഴവുകൾ ഉള്ളതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കത്ത് നൽകിയത്.
വാഴക്കുല എന്ന കവിതാ സമാഹാരം രചിച്ചത് വൈലോപ്പിള്ളിയാണെന്നാണ് ചിന്ത ഗവേഷണ പ്രബന്ധത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. വാഴക്കുല രചിച്ചത് ചങ്ങമ്പുഴയാണെന്ന കാര്യം ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് പോലും അറിയാം. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു തെറ്റ് ഗവേഷണ പ്രബന്ധത്തിൽ കയറി വന്നത് ഗൗരവതരമാണെന്നണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിനിന്റെ വിലയിരുത്തൽ. മാത്രമല്ല ഇത്രയും വലിയ പിഴവ് പ്രബന്ധം പരിശോധിച്ചവരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നതും ഗൗരവം വർദ്ധിപ്പിക്കുന്നു. ഇതിന് പുറമേ വൈലോപ്പിള്ളി എന്ന പേര് എഴുതിയിരിക്കുന്നതും തെറ്റായിട്ടാണ്. ഈ സാഹചര്യത്തിലാണ് പ്രബന്ധത്തിന്റെ പുന:പരിശോധന ആവശ്യപ്പെട്ട് കത്ത് നൽകിയത്. സംഭവത്തിൽ അടുത്ത ദിവസം ക്യാമ്പയിൻ ഗവർണർക്കും പരാതി നൽകും.
‘നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന വിഷയത്തിൽ ആയിരുന്നു ചിന്ത ജെറോമിന്റെ ഗവേഷണം. കേരള സർവ്വകലാശാല മുൻ വി.സി ഡോ. പി.പി അജയകുമാറിന്റെ മേൽനോട്ടത്തിൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലായിരുന്നു ചിന്ത ഗവേഷണം പൂർത്തിയാക്കിയത്. 2021 ലാണ് ചിന്തയ്ക്ക് സർവകലാശാല പിഎച്ച്ഡി നൽകിയത്. അതേസമയം സംഭവത്തിൽ ചിന്ത പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വരും ദിവസങ്ങളിൽ ചിന്തയുടെ പ്രബന്ധത്തിൽ കൂടുതൽ പരാതികൾ ഉയർന്നുവരാനാണ് സാദ്ധ്യത.
Discussion about this post