കോഴിക്കോട്; താമരശ്ശേരി ചുരത്തിലെ വ്യൂപോയിന്റിൽ നിന്ന് യുവാവ് കൊക്കയിലേക്ക് വീണു. മലപ്പുറം പൊൻമുള സ്വദേശി അയമു(38) ആണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ താക്കോൽ കുരങ്ങൻ തട്ടിയെടുത്തപ്പോൾ അത് തിരിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. വ്യൂ പോയിന്റിൽ നിന്നും അമ്പത് അടി താഴ്ചയിലേക്കാണ് വീണത്.
കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു യുവാവ്. വ്യൂപോയിന്റിൽ വാഹനം നിർത്തി കാഴ്ച കാണുന്നതിനിടെ അയമുവിന്റെ കൈയ്യിൽ നിന്നും കുരങ്ങൻ വാഹനത്തിന്റെ താക്കോൽ തട്ടിയെടുത്തു. തുടർന്ന് കുരങ്ങന്റെ കൈയ്യിൽ നിന്നും താക്കോൽ പിടിച്ചെടുക്കാനായി പോവുന്നതിനിടെയാണ് യുവാവ് കൊക്കയിലേക്ക് വീഴുന്നത്.
മറ്റു യാത്രക്കാരും ചുരം സംരക്ഷണസമിതി പ്രവർത്തകരും അറിയിച്ചതിനെ തുടർന്ന് കൽപ്പറ്റ ഫയർഫോഴ്സ് സ്ഥലത്തെത്തി. വടം കെട്ടി ഫയർഫോഴ്സ് താഴേക്കിറങ്ങിയാണ് അയമുവിനെ രക്ഷപ്പെടുത്തിയത്. യുവാവിന്റെ കാൽമുട്ടിന് പരുക്കുണ്ടെന്നാണ് വിവരം.
Discussion about this post