ന്യൂഡൽഹി: ചൈന കയ്യടക്കിയതായി പ്രതിപക്ഷ നേതാക്കൾ പറയുന്ന ഭൂമി യഥാർത്ഥത്തിൽ 1962ൽ തന്നെ ചൈന കൈവശപ്പെടുത്തിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ലഡാക്കിന്റെ ഭൂപ്രദേശം ഇന്ത്യ നഷ്ടപ്പെടുത്തി എന്ന പേരിൽ വ്യാജപ്രചാരണം നടത്തുന്ന രാഹുൽ ഗാന്ധിക്കെതിരെയും ജയശങ്കർ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ‘ തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് തന്നൈയാണ് അവർ പല വാർത്തകളും പ്രചരിപ്പിക്കുന്നത്. നേരത്തെ സംഭവിച്ച പല കാര്യങ്ങളും ഇപ്പോൾ സംഭവിച്ചതാണെന്ന മട്ടിലാണ് അവർ പറയുന്നത്. ലഡാക്കിലെ ഭൂമി നഷ്ടപ്പെട്ടതിനെ കുറിച്ച് രാഹുൽ ഗാന്ധി പറയുന്നു. യഥാർത്ഥത്തിൽ അത് 1962ൽ സംഭവിച്ചതാണ്. എന്നാൽ അതിനെക്കുറിച്ച് അവർ സംസാരിക്കില്ല.’
കിഴക്കൻ ലഡാക്കിലെ 65 പട്രോളിംഗ് പോയിന്റുകളിൽ 26 എണ്ണത്തിലും ഇന്ത്യയ്ക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് ലഡാക്കിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ പങ്കെടുത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സമ്മേളനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാമർശം. എന്നാൽ വർഷങ്ങൾക്ക് മുൻപ് സംഭവിച്ച കാര്യം ഇപ്പോൾ സംഭവിച്ചത് എന്ന പേരിലാണ് രാഹുൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വിളമ്പിയത്.
2017ൽ ചൈനീസ് അംബാസഡറുമായി രാഹുൽ നടത്തിയ കൂടിക്കാഴ്ചയേയും ജയശങ്കർ പരിഹസിച്ചു. ” അതിർത്തിയിലെ വിവരങ്ങൾ സംബന്ധിച്ച്, അല്ലെങ്കിൽ ചൈനയുടെ എന്തെങ്കിലും കാര്യം അറിയണമെങ്കിൽ വിവരങ്ങൾ ശേഖരിക്കാൻ ഞാൻ ചൈനീസ് അംബാസിഡറുടെ അടുത്തേക്ക് പോകാറില്ല. മറിച്ച് എന്റെ സൈനിക നേതൃത്വത്തോടാണ് ചോദിക്കാറുള്ളതെന്നും’ ജയശങ്കർ പറഞ്ഞു.
Discussion about this post