കബൂൾ: പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം വിലക്കിയതിന്റെ തുടർച്ചയായി, പെൺകുട്ടികൾ സർവകലാശാല പ്രവേശന പരീക്ഷകൾ എഴുതുന്നത് വിലക്കി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് താലിബാൻ സർക്കാർ ഉത്തരവ് പുറത്തിറക്കി.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പെൺകുട്ടികൾക്ക് സർവകലാശാല പ്രവേശന പരീക്ഷകൾ എഴുതാൻ അനുവാദമില്ലെന്ന് കാട്ടി താലിബാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സർവകലാശാലകൾക്ക് നോട്ടീസ് അയച്ചു. സൗരവർഷം 1402 മുതൽ പെൺകുട്ടികൾ സർവകലാശാല പ്രവേശന പരീക്ഷകൾ എഴുതാൻ പാടിലെന്ന് താലിബാൻ ഉത്തരവിൽ വ്യക്തമാക്കുന്നു.
സ്ത്രീകൾ സർക്കാർ ഇതര സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് കാട്ടി താലിബാൻ അടുത്തയിടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാൻ നടപടിക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്.
2021 ഓഗസ്റ്റ് 15ന് താലിബാൻ നടപ്പിൽ വരുത്തിയ ‘പരിഷ്കരണ‘ നടപടികളുടെ ഭാഗമായി, പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം വിലക്കിയിരുന്നു. തുടർന്ന് പെൺകുട്ടികൾ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതും ജോലിക്ക് പോകുന്നതും പാർക്കിൽ പോകുന്നതും ജിമ്മിൽ പോകുന്നതും പൊതുശൗചാലയങ്ങൾ ഉപയോഗിക്കുന്നതും താലിബാൻ വിലക്കിയിരുന്നു.
Discussion about this post