ഫേസ്ബുക്കിന് ഉപയോക്താക്കളുടെ മൊബൈൽ ബാറ്ററികൾ രഹസ്യമായി ചോർത്താൻ കഴിയുമെന്ന വാദവുമായി മുൻ ജീവനക്കാരൻ. ‘നെഗറ്റീവ് ടെസ്റ്റിംഗ്’ എന്ന രീതിയിലൂടെ സെൽഫോൺ ബാറ്ററികളുടെ ഒരു വലിയ ശതമാനം ടെക് കമ്പനികൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നുവെന്നാണ് ഡേറ്റ ശാസ്ത്രജ്ഞനായ ജോർജ്ജ് ഹെവാർഡ് പറയുന്നത്. ഉപയോക്താവ് പോലും അറിയാതെ അതീവ രഹസ്യമായിട്ടായിരിക്കും ഇത് നടക്കുന്നത്.
ഫേസ്ബുക്കിന്റെ മെസഞ്ചർ ആപ്പിൽ ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ് ഹേവാർഡ്. ഇത് വലിയൊരു വിഭാഗം ഉപയോക്താക്കളെ ദോഷമായി ബാധിക്കുമെന്ന് താൻ പറഞ്ഞെങ്കിലും വലിയൊരു ജനവിഭാഗത്തെ സഹായിക്കാനാണ് നീക്കമെന്നാണ് കമ്പനി പറഞ്ഞതെന്നും ഹേവാർഡ് പറയുന്നു. വിഷയത്തിൽ മെറ്റ പ്ലാറ്റ്‌ഫോമിനെതിരെ മാൻഹട്ടൻ കോടതിയിൽ ഹേവാർഡ് കേസ് ഫയൽ ചെയ്തിരുന്നു. പിന്നീട് മധ്യസ്ഥ നീക്കങ്ങളുടെ ഭാഗമായി കേസ് പിൻവലിക്കുകയായിരുന്നു.
അടിയന്തര സാഹചര്യങ്ങളിൽ മറ്റുള്ളവരുമായി ആശയവിനിമയം നടത്തേണ്ടി വരുന്ന സാഹചര്യങ്ങളിൽ സെൽഫോൺ ബാറ്ററിയിൽ ഇത്തരത്തിലുള്ള നീക്കങ്ങൾ നടത്തുന്നത് ആളുകൾക്ക് വലിയ പ്രശ്‌നമുണ്ടാക്കുമെന്നും ഹേവാർഡ് പറയുന്നു. നിയമവിരുദ്ധമായ കാര്യമാണിത്. ഇത് എത്രത്തോളം ആളുകളെ ബാധിച്ചിട്ടുണ്ട് എന്ന കാര്യം ഇപ്പോഴും എനിക്കറിയില്ല. ഇത്തരം പരീക്ഷണങ്ങൾ വലിയൊരു വിഭാഗത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഫേസ്ബുക്കിനോ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കോ സെൽഫോൺ ബാറ്ററിയുടെ ചാർജ് കുറയ്ക്കാനാകുമെന്ന് പലർക്കും അറിയില്ല. എന്റെ ഫോണിന്റെ ബാറ്ററി മറ്റൊരിടത്തിരുന്ന് അപരിചിതനായ വ്യക്തി കൈകാര്യം ചെയ്യുന്നു എന്നത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ഹേവാർഡ് പറയുന്നു.
Discussion about this post