തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഇന്ന് പരാതി നൽകും. കേരള സർവ്വകലാശാല വൈസ് ചാൻസലർക്കാണ് തെളിവ് പരാതി നൽകുന്നത്. 2010 ഒക്ടോബർ 17ന് ‘ബോധി കോമൺസ്’ എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ‘ദ മൈൻഡ് സ്‌പെയ്‌സ് ഓഫ് മെയിൻ സ്ട്രീം മലയാളം സിനിമ’ എന്ന ലേഖനത്തിലെ ആശയം ചിന്ത തന്റെ പ്രബന്ധത്തിൽ അതേപടി പകർത്തിയിരിക്കുകയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ബ്രഹ്മപ്രകാശ് എന്നയാളാണ് ലേഖനം എഴുതിയിരിക്കുന്നത്. ഈ ലേഖനത്തിൽ വാഴക്കുലയുടെ രചയിതാവിന്റെ പേര് വൈലോപ്പിള്ളി എന്ന് തെറ്റായാണ് ചേർത്തിരിക്കുന്നത്. ഈ ഭാഗം ചിന്തയുടെ പ്രബന്ധത്തിലും അതേപടി ചേർത്തിട്ടുണ്ട്. വൈലോപ്പള്ളി എന്ന് തെറ്റായ രീതിയിലാണ് പേരും എഴുതിയിരിക്കുന്നത്. പ്രിയദർശന്റേയും രഞ്ജിത്തിന്റേയും സിനിമകളിലെ ജാതി വർഗ രാഷ്ട്രീയ തലങ്ങളാണ് ബ്രഹ്മപ്രകാശിന്റെ ബോധി കോമൺസിൽ ചർച്ച ചെയ്യുന്നത്. ഇതിന് സമാനമാണ് ചിന്തയുടെ പ്രബന്ധവും.
ലേഖനത്തിൽ ആര്യൻ എന്ന സിനിമയിലെ സംഭാഷണത്തെ കുറിക്കുന്ന ഭാഗത്താണ് ചങ്ങമ്പുഴയ്ക്ക് പകരം വാഴക്കുലയുടെ രചയിതാവായി വൈലോപ്പിള്ളിയുടെ പേരുള്ളത്. ഡോ.പി.പി.അജയകുമാറിന്റെ മേൽനോട്ടത്തിലാണ് ചിന്ത ജെറോം ഗവേഷണം പൂർത്തിയാക്കിയത്. വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ആദ്യ അദ്ധ്യായത്തിൽ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തേയും മികച്ചതും ഏറെ ജനപ്രിയവുമായ കവിതകളിലൊന്നാണ് ചങ്ങമ്പുഴയുടെ വാഴക്കുല. നവലിബറൽ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് ചിന്ത ഗവേഷണം നടത്തിയത്. ഇംഗ്ലീഷ് സാഹിത്യവും ഭാഷയും എന്ന വകുപ്പിന് കീഴിലായിരുന്നു പഠനം. 2021ലാണ് സർവ്വകലാശാല ഇതിന് പിഎച്ച്ഡി നൽകിയത്.
പിണറായി വിജയനും പാർട്ടി നേതാക്കൾക്കുമാണ് ചിന്ത തന്റെ പ്രബന്ധത്തിൽ നന്ദി അറിയിച്ചിരിക്കുന്നത്. തന്നിലുള്ള വിശ്വാസത്തിനും പിന്തുണയക്കും മുഖ്യമന്ത്രിക്കാണ് ചിന്ത നന്ദി പറയുന്നത്. മെന്റർ എന്ന നിലയിൽ എംഎ ബേബിക്കാണ് കടപ്പാട് നൽകുന്നത്. എം.വി.ഗോവിന്ദൻ, കെ.എൻ.ബാലഗോപാൽ, എ.എൻ.ഷംസീർ, ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, എം.സ്വരാജ് തുടങ്ങിയവർക്കും ഗവേഷണം പൂർത്തിയാക്കുന്നതിന് ചിന്ത നന്ദി പറഞ്ഞിട്ടുണ്ട്.
Discussion about this post