ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷാവറിൽ മസ്ജിദിലുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. മരിച്ചവരിൽ രണ്ട് പോലീസുകാരും ഉണ്ടെന്നാണ് വിവരം. സ്‌ഫോടനത്തിൽ 150 ലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ 10 ലധികം പേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ട്.
പോലീസ് ലൈനിലുള്ള പള്ളിയിൽ പ്രാദേശികസമയം 1.40ന് പ്രാർത്ഥനയ്ക്കിടെയായിരുന്നു സ്‌ഫോടനം. വിശ്വാസികളുടെ മുൻനിരയിൽ ഇരുന്നയാളാണ് സ്‌ഫോടനം നടത്തിയതെന്നാണ് പ്രാഥമികവിവരം. ഭാഗികമായി തകർന്ന പള്ളിയുടെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.
ചാവേറാക്രമണത്തിന് പിന്നാലെ പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശം മുഴുവൻ പോലീസ് സീൽ ചെയ്തു. ആംബുലൻസുകൾ ഒഴികെയുള്ള ഒരു വാഹനവും കടത്തിവിടുന്നില്ല.
കഴിഞ്ഞവർഷം പെഷാവറിലെ ഷിയ മസ്ജിദിലുണ്ടായ സ്‌ഫോടനത്തിൽ 63 പേർ കൊല്ലപ്പെട്ടിരുന്നു.
Discussion about this post