ന്യൂഡൽഹി : സാമൂഹികമായും സാംസ്‌കാരികമായും പ്രത്യയശാസ്ത്രപരമായും ഇന്ത്യയെ തകർക്കാൻ ശ്രമിച്ചിട്ടും ഒരു ശക്തിയെക്കൊണ്ടും അതിന് സാധിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വെറുമൊരു ഭൂപ്രദേശമല്ല, മറിച്ച് നാഗരികതയുടെയും സംസ്‌കാരത്തിന്റെയും ഐക്യത്തിന്റെയും ആവിഷ്‌കരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഗോത്രവർഗക്കാരുടെ ആരാധനാമൂർത്തിയായ ദേവനാരായണന്റെ 1111-ാം ജന്മദിനത്തോടനുബന്ധിച്ച് ഭിൽവാര ജില്ലയിലെ മലേസാരി ഗ്രാമത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മാറിവരുന്ന കാലത്തോട് പൊരുത്തപ്പെടാൻ കഴിയാതെ മറ്റ് പല നാഗരികതകളും നശിച്ചു. എന്നാൽ ഇന്ത്യൻ നാഗരികത ആയിരക്കണക്കിന് വർഷങ്ങളായി ഒരു കോട്ടവും തട്ടാതെ നിലനിൽക്കുന്നുണ്ട്. ഇന്ന് ഇന്ത്യ ഒരു മഹത്തായ ഭാവിക്ക് അടിത്തറയിടുകയാണ്. രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള ആളുകളിൽ നിന്നാണ് ഇന്ത്യയെ നിലനിറുത്തുന്ന ശക്തി ഉത്ഭവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലുടനീളം, നമ്മുടെ സമൂഹത്തിൽ അന്തർലീനമായ ശക്തി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നമ്മുടെ ചരിത്രത്തിലെ ഓരോ സുപ്രധാന കാലഘട്ടത്തിലും, എല്ലാവർക്കും വഴികാട്ടിയായി പ്രവർത്തിക്കുന്ന ഒരു ഊർജ്ജം ഉയർന്നുവരുന്നുണ്ട്. ദേവനാരായണന്റെ സേവനത്തെ പ്രകീർത്തിച്ച മോദി, അദ്ദേഹം എപ്പോഴും ജനങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകിയിരുന്ന വ്യക്തിയാണെന്നും കൂട്ടിച്ചേർത്തു.
എല്ലാവരുടെയും പിന്തുണയോടെ എല്ലാവരുടെയും വികസനം എന്ന പാതയാണ് ദേവനാരായണൻ നമുക്ക് കാണിച്ചുതന്നത്. അദ്ദേഹം കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിച്ച് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കാൻ ശ്രമിക്കുകയാണ് നാം ചെയ്യുന്നത്. ‘നിർധനരായവർക്ക് മുൻഗണന’ എന്ന മന്ത്രവുമായാണ് തങ്ങൾ നീങ്ങുന്നത്, എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ ജി-20 യുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത അതേ വർഷമാണ്, താമരയിൽ ജനിച്ചവൻ എന്നറിയപ്പെടുന്ന ദേവനാരായണൻ ജിയുടെ 1111-ാം ജന്മവാർഷികം, എന്നത് യാദൃശ്ചികമാണ്. ജി20 യുടെ ലോഗോയിലും താമര ഭൂമിയെ വഹിക്കുന്നതായി കാണിക്കുന്നു. തങ്ങൾ താമരയ്ക്കൊപ്പം ജനിച്ചവരാണെന്നും ശക്തമായ ഒരു ബന്ധം പങ്കിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സാംസ്‌കാരിക സഹമന്ത്രി അർജുൻ റാം മേഘ്വാൾ, മലശേരി ദുഗ്രിയിലെ മുഖ്യ പുരോഹിതൻ ഹേംരാജ് ഗുർജാർ, എംപിമാർ, എംഎൽഎമാർ, ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Discussion about this post