തിരുവനന്തപുരം : കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് അടൂർ ഗോപാലകൃഷ്ണൻ. ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ജാതി വിവേചനം ഉൾപ്പെടെയുളള ആരോപണങ്ങൾ ഉയരുകയും വിദ്യാർത്ഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അടൂർ ഗോപാലകൃഷ്ണൻ ചെയർമാൻ സ്ഥാനം രാജിവെച്ചത്.
ആടിനെ പട്ടിയാക്കുക മാത്രമല്ല, ആടിനെ പേപ്പട്ടിയാക്കി പേപ്പട്ടിയെ തല്ലിക്കൊല്ലുകയാണ് ഇവിടെ ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. നാശത്തിന്റെ വക്കിൽ എത്തി നിന്നിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുന്നേറ്റത്തിന് വേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ച മൂന്ന് കൊല്ലമാണ് കഴിഞ്ഞുപോയത്. ഈ കാലമത്രയും മുൻ ഡയറക്ടർ ശങ്കർ മോഹൻ തന്റെ കൂടെ ഉണ്ടായിരുന്നു. ഈ രാജ്യത്തെ സിനിമയെ സംബന്ധിക്കുന്ന എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെയും അദ്ധ്യക്ഷ സ്ഥാനങ്ങളിൽ നാല് പതിറ്റാണ്ടിൽ അധികം കാലം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ശങ്കർ മോഹനോളം സിനിമയെക്കുറിച്ച് അറിവോ പ്രവർത്തന പരിചയമോ ഉള്ള ഒരു വ്യക്തി ഇന്ത്യയിൽ ഇല്ല. ഇത് അതിശയോക്തിയല്ല.
അത്തരമൊരു വ്യക്തിയെയാണ് നാം വിളിച്ചുവരുത്തി അപമാനിച്ചത്. ദളിത് വിരോധവും ജാതി വിവേചനവുമാണ് ഡയറക്ടർക്കെതിരെ ഉണ്ടായ ആരോപണം. ഡയറക്ടർ ഇൻസ്റ്റിറ്റ്യൂട്ടിലെ ദളിത് ജീവനക്കാരെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചിരുന്നു എന്ന ആരോപണങ്ങളാണ് തുടക്കം മുതലേ ഉയർന്നത്. എന്നാൽ തന്റെ അന്വേഷണത്തിൽ ഇത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞതായി അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
ജീവനക്കാരിൽ ആരും പട്ടിക ജാതിയിൽ പെടുന്നവരല്ല. നായരും ക്രിസ്ത്യാനിയും ആശാരിയുമാണവർ. ഡയറക്ടറുടേത് ഔദ്യോഗിക വസതിയാണ്. ഇതനുസരിച്ച് ദിനവും അവിടെ ചെന്ന് ശുചീകരണം നടത്താനുള്ള ചുമതല സ്വീപ്പർമാക്കുണ്ടായിരുന്നു. അധിക ജോലിയൊന്നും അവരെക്കൊണ്ട് ചെയ്യിച്ചിരുന്നില്ല.
എന്നാൽ ഓഫീസ് ക്ലാർക്കാണ് ഇവിടെ ദളിത് വിവേചനം നടക്കുന്നുവെന്ന് പരാതിപ്പെടുകയായിരുന്നു. വിൽപ്പനയ്ക്ക് സാധ്യതയുള്ള സംഗതിയാണ് ജാതി എന്നും അടൂർ പറഞ്ഞു. ഇയാൾ ജോലികൾ ചെയ്യാതെ മാറ്റിവെച്ച് മനപ്പൂർവ്വം പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചു. പട്ടികജാതി കമ്മീഷന് നിരവധി പരാതികൾ നൽകിയിരുന്നുവെന്നും അടൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Discussion about this post