തിരുവനന്തപുരം: ചിന്താ ജെറോമിന്റെ വിവാദ ഗവേഷണ പ്രബന്ധത്തിൽ അന്വേഷണം ആരംഭിച്ച് കേരള സർവ്വകലാശാല. സംഭവത്തിൽ ഗൈഡിന്റെ വിശദീകരണം തേടാൻ രജിസ്ട്രാർക്ക് സർവ്വകലാശാല വിസി നിർദ്ദേശം നൽകി. ഗവേഷണ പ്രബന്ധത്തിൽ വിസിയോട് ഗവർണർ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
രാത്രിയോടെയായിരുന്നു രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയത്. സർവ്വകലാശാല മുൻ പ്രോവിസിയായിരുന്ന വി.സി അജയകുമാർ ആയിരുന്നു ചിന്തയുടെ ഗൈഡ്. ഗവേഷണ പ്രബന്ധം ഗൈഡ് വിശദമായി പരിശോധിക്കേണ്ടത് ആണ്. അങ്ങനെ പരിശോധിച്ചിട്ടും വസ്തുതാപരമായ നിരവധി പിഴവുകൾ ആണ് ചിന്തയുടെ പ്രബന്ധത്തിൽ ഉണ്ടായിരിക്കുന്നത്. പിഴവുകൾ എങ്ങനെയുണ്ടായെന്നകാര്യത്തിൽ വിശദീകരണം നൽകാനാണ് നിർദ്ദേശം. ഓപ്പൺ ഡിഫൻസിന്റെ വിവരങ്ങളും നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ചിന്തയുടെ പിഎച്ച്ഡിയും, അജയകുമാറിന്റെ ഗൈഡ് ഷിപ്പും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ആണ് ഗവർണർക്ക് പരാതി നൽകിയത്. പ്രബന്ധത്തിൽ നിരവധി വസ്തുതാപരമായ തെറ്റുകൾ ഉണ്ടെന്നും, പ്രബന്ധം കോപ്പി അടിച്ചതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
Discussion about this post