തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ലഭിക്കും. മദ്ധ്യ കേരളത്തിലും, തെക്കൻ കേരളത്തിലുമാണ് മഴ ലഭിക്കുക. നിലവിൽ അലർട്ടുകൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതി തീവ്രന്യൂനമർദ്ദമായി മാറിയിരിക്കുകയാണ്. ഇതേ തുടർന്ന് ഇന്നലെ വൈകീട്ട് തെക്കൻ കേരളത്തിലെ മിക്കയിടങ്ങളിലും മഴ ലഭിച്ചിരുന്നു. വരുന്ന നാല് ദിവസം കൂടി സംസ്ഥാനത്ത് ഈ അവസ്ഥ തുടരും. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.
ശക്തമായ കാറ്റ് കണക്കിലെടുത്ത് ഇന്നലെ കടലിൽ പോയ മത്സ്യത്തൊഴിലാളികളോട് മടങ്ങിയെത്താൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. കടൽ പ്രക്ഷുബ്ധാകാനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നാണ് നിർദ്ദേശം. കടലിന് സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ശ്രീലങ്കൻ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ കരയിൽ പ്രവേശിക്കും. ഇത് പിന്നീട് കന്യാകുമാരി കടലിലേക്ക് ആകും എത്തുക. അപ്പോഴേക്കും ന്യൂനമർദ്ദത്തിന്റെ ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
Discussion about this post