തിരുവനന്തപുരം : പരിശോധന നടത്താതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് കൂടി സസ്‌പെൻഷൻ. ഡോ. ആയിഷ എസ് ഗോവിന്ദ്, ഡോ. വിൻസ എസ് വിൻസൻറ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. കാഷ്വാലിറ്റിയിലെ മെഡിക്കൽ ഓഫീസർമാരാണ് ഇവർ.
കൈക്കൂലി വാങ്ങിയാണ് പരിശോധന നടത്താതെ ഹെൽത്ത് കാർഡ് നൽകിയത് എന്നാണ് ഇവർക്കെതിരെ ഉയരുന്ന ആരോപണം. ജനറൽ ആശുപത്രിയിലെ ആർ.എം.ഒ.യുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സർജനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിന് പിന്നാലെയാണ് രണ്ട് പേർക്കെതിരെ കൂടി നടപടിയെടുത്തത്.
സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണമെന്നാണ് സർക്കാരിന്റെ പുതിയ വ്യവസ്ഥ. എന്നാൽ പണം നൽകിയാൽ ഒരു പരിശോധനയും ഇല്ലാതെയാണ് ഡോക്ടർമാർ ഇവർക്ക് ഹെൽത്ത് കാർഡ് നൽകിയിരുന്നത്. ഇത്തരത്തിൽ വിതരണം ചെയ്യുന്ന ഹെൽത്ത് കാർഡുമായി എത്തുന്ന ജീവനക്കാർക്ക് എന്ത് യോഗ്യതയാണ് ഉളളത് എന്ന് ചോദ്യം ഉയർന്നിരുന്നു. ഇതോടെയാണ് നടപടിയുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയത്.
Discussion about this post