തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനം സംസ്ഥാനത്തിന് ഗുണം ചെയ്‌തെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. യാത്രകൾ രാജ്യാന്തര ഏജൻസികളുടെയും, സംസ്ഥാനത്തെ നിക്ഷേപകരുടെയും താത്പര്യം വർദ്ധിപ്പിച്ചു. സന്ദർശന വേളയിൽ വിവിധ മേഖലകളിലെ വിദഗ്ധരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ഫിൻലന്റ്, നോർവ്വേ, യുകെ, വെയിൽസ് എന്നീ രാജ്യങ്ങൾ നടത്തിയ സന്ദർശനം രാജ്യാന്തര ഏജൻസികളുടെയും രാജ്യത്തെ നിക്ഷേപകരുടെയും താത്പര്യം വർദ്ധിപ്പിച്ചു. ഈ രാജ്യങ്ങളിലെ വിദ്യാഭ്യാസം, വ്യവസായം, സാമൂഹിക സുരക്ഷാ പദ്ധതികൾ, സംരംഭകത്വം, ദുരന്തനിവാരണം, മത്സ്യബന്ധം, ടൂറിസം എന്നീ മേഖലകളിലെ വിദഗ്ധരുമായി മുഖ്യമന്ത്രി ചർച്ചകൾ നടത്തി. രാജ്യങ്ങളുടെ വിവിധ സാങ്കേതിക സ്ഥാപനങ്ങളുമായി ചേർന്ന് അക്കാദമിക് എക്‌സ്‌ചേഞ്ചുകൾ, സഹകരണ ഗവേഷണം, പഠനങ്ങൾ എന്നിവ ആരംഭിക്കും. ഈ മേഖലയിൽ കേരളത്തിന് അനുയോജ്യമായ മികച്ച രീതികൾ കൈവരിക്കാനും ചർച്ചയിൽ തീരുമാനിച്ചു. പ്ലാനിംഗ് ആൻഡ് ഇംപ്ലിമെന്റേഷൻ വകുപ്പിന് കീഴിൽ ഈ ആവശ്യത്തിനായുള്ള പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ നീക്കിവയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾക്ക് കേരളത്തിലേക്കും, തിരികെ വിദേശത്തേക്കും പോകണമെങ്കിൽ വിമാന യാത്രയ്ക്ക് വലിയ തുകയാണ് ചിലവഴിക്കേണ്ടി വരുന്നത്. ഇത് നിയന്ത്രിക്കുന്നതിനായി ആഭ്യന്തര വിദേശയാത്രാ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ, പ്രാവാസി അസോസിയേഷനുകൾ എന്നിവയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
Discussion about this post