കോഴിക്കോട്: അബുദാബി-കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ് ബി737-800 വിമാനത്തിന്റെ എഞ്ചിനിൽ തീ കണ്ടതിനെ തുടർന്ന് വിമാനത്തിന് അടിയന്തര ലാൻഡിംഗ്. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് എഞ്ചിനിൽ തീപിടുത്തം ഉണ്ടായത്. ഇത് ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ വിമാനം അബുദാബിയിലെ വിമാനത്താവളത്തിൽ തിരികെ ഇറക്കുകയായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെന്നും യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും എയർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. 184 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്ത് 1000 അടി ഉയരത്തിൽ എത്തിയപ്പോഴാണ് എഞ്ചിനിൽ തീപിടുത്തമുണ്ടായത് പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ ഉടനെ തന്നെ തിരികെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 23ാം തിയതി തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് പോവുകയായിരുന്ന വിമാനം സാങ്കേതിക തകരാർ കണ്ടതിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. പറന്നുയർന്ന് 45 മിനിട്ടിനുള്ളിലാണ് വിമാനം തിരികെ ഇറക്കിയത്.
Discussion about this post