തിരുവനന്തപുരം: പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്ന സർക്കാരാണ് പിണറായി സർക്കാർ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആന കരിമ്പിൻ കാട്ടിൽ കയറിയത് പോലെ എല്ലാം തച്ചുടയ്ക്കുന്നതാണ് കേരളത്തിന്റെ ബജറ്റ്. ബാലഗോപാൽ എന്നല്ല, ധനമന്ത്രിയുടെ പേര് നികുതി ഗോപാൽ എന്നാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. ചെങ്ങന്നൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലയിലും നികുതി ഭാരം സാധാരണക്കാരന് മേൽ അടിച്ചേൽപ്പിക്കുന്ന ബജറ്റാണ് ഇത്. അടിസ്ഥാന വികസനത്തിന് പണം കണ്ടെത്താൻ സർക്കാർ പല മേഖലകളിലും പരാജയപ്പെട്ടു. അടിസ്ഥാനത്തിന് ഏറ്റവും കുറവ് നീക്കിയിരുപ്പ് നടത്തിയ സർക്കാർ അഴിമതി നടത്തുന്നതിനുള്ള എല്ലാ പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്. സാധാരണക്കാർക്ക് നികുതി ഭാരം വർദ്ധിപ്പിച്ച സർക്കാർ എകെജി സെന്ററിനായി ആറ് കോടി രൂപയാണ് നീക്കിവച്ചത്. ഒരു രംഗത്തും പാവപ്പെട്ടവന് ആനുകൂല്യമില്ല. കോടിക്കണക്കിന് രൂപയുടെ അഴിമതി ലക്ഷ്യമിട്ടുള്ള ബജറ്റാണ് പിണറായി സർക്കാരിന്റേത്.
തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനമാണ് കേരളം. എന്നിട്ടും തൊഴിൽ നൽകാനുള്ള ചെറുവിരൽ പോലും സർക്കാർ അനക്കിയിട്ടില്ല. കേരളം വ്യവസായ സൗഹൃദമാക്കുന്നതിനോ, കൃഷിയുടെ വികസനത്തിനോ നടപടിയില്ല. ക്ഷേമ പെൻഷൻ ഒരു രൂപ പോലും വർദ്ധിപ്പിച്ചിട്ടില്ലെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
ഒരു രൂപയുടെ നികുതി ഭാരം പോലും അടിച്ചേൽപ്പിക്കാതെ ആയിരുന്നു കേന്ദ്രത്തിന്റെ ബജറ്റ്. ആ ബജറ്റിനെ രൂക്ഷമായി മുഖ്യമന്ത്രിയും ധനമന്ത്രിയും വിമർശിച്ചിരുന്നു. ഇവരാണ് നികുതി ഭാരം അടിച്ചേൽപ്പിച്ചുകൊണ്ടുള്ള ബജറ്റ് അവതരിപ്പിച്ചത്. അധികാരം ഉപയോഗിച്ച് ജനങ്ങൾക്ക് മേൽ സർക്കാർ അതിക്രമം നടത്തുകയാണ്. ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാറ്റിനും സംസ്ഥാനത്ത് വില കൂടും.
കിഫ്ബി സർക്കാരിന്റെ ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണ്. കേന്ദ്രം സംസ്ഥാന സർക്കാരുകൾക്കായുള്ള പലിശ രഹിത വായ്പയുടെ കാലാവധി നീട്ടിയിട്ടുണ്ട്. എന്നിട്ടും സർക്കാർ കള്ളം പറയുകയാണ്. കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചപ്പോൾ കേരളം കുറച്ചില്ല . ഇപ്പോഴിതാ അധികം രണ്ട് രൂപ വർദ്ധിപ്പിക്കുകയും ചെയ്തു. താത്വിക അവലോകനം പാർട്ടി ഓഫീസിൽ പറഞ്ഞാൽ മതി. അത് ജനങ്ങളോട് വേണ്ട. സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ ബിജെപി ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post