സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സാധാരണക്കാരുടെ കഴുത്തറുക്കുന്ന നയങ്ങൾ സ്വീകരിച്ച സർക്കാരിനെതിരെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. ഇന്ധന വില ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വില വർദ്ധിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇത് സജീവ ചർച്ചയാണ്. മദ്യവിലയിൽ ഏർപ്പെടുത്തുന്ന സെസാണ് ചർച്ചയാകുന്ന മറ്റൊരു പ്രധാന വിഷയം. മദ്യവില വർദ്ധനവ് ജനങ്ങളെ മയക്കുമരുന്നിലേക്ക് തള്ളിവിടുമെന്ന വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ ഇതേ അഭിപ്രായം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.
”പ്രകടമായ യാഥാർഥ്യം: മദ്യം താങ്ങാനാവാത്ത വിലയിലേക്ക് ഉയർത്തുന്നതിനനുസരിച്ച് മറ്റൊരു ചെകുത്താനെയും നേരിടേണ്ടതായി വരും, മയക്കുമരുന്ന്” എന്നാണ് മുരളി ഗോപി കുറിച്ചത്.
സംസ്ഥാനത്ത് ഒരു നിയന്ത്രണവുമില്ലാതെ മദ്യവില കൂട്ടുന്നത് ആളുകളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തളളിവിടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ഈ ആശങ്ക പങ്കുവെച്ചു. എന്നാൽ എല്ലാ മദ്യത്തിനും സെസ് ഏർപ്പെടുത്തിയിട്ടില്ലെന്നും എല്ലാത്തിനും വില വർധിക്കുന്നില്ലെന്നുമാണ് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ന്യായീകരണം. 500 രൂപക്കു താഴെയുള്ള മദ്യത്തിന് വില കൂടില്ലെന്നും 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് മാത്രമാണ് വില കൂടന്നതെന്നും ധനമന്ത്രി വിശദീകരിച്ചു.
Discussion about this post