എറണാകുളം: നടൻ ബാബുരാജ് അറസ്റ്റിൽ. വഞ്ചനാ കേസിലാണ് അടിമാലി പോലീസ് നടനെ അറസ്റ്റ് ചെയ്തത്. കോതമംഗലം സ്വദേശിയുടെ പരാതിയിലാണ് നടപടി.
അടിമാലിയ്ക്കടുത്ത് കല്ലാറിന് സമീപം ബാബുരാജിന് റിസോർട്ട് ഉണ്ടായിരുന്നു. ഇത് പരാതിക്കാരന് പാട്ടത്തിന് നൽകിയിരുന്നു. 40 ലക്ഷം രൂപ വാങ്ങിയായിരുന്നു ഇത് പാട്ടത്തിന് നൽകിയത്. റവന്യൂറിക്കവറി നേരിടുന്ന റിസോർട്ട് ആയിരുന്നു ഇത്. ഇക്കാര്യം മറച്ചുവച്ചുകൊണ്ടായിരുന്നു ബാബുരാജ് ഇത് പാട്ടത്തിന് നൽകിയത്. എന്നാൽ ഇതിനിടെ കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയതിനാൽ ഈ റിസോർട്ട് തുറന്ന് പ്രവർത്തിപ്പിക്കാൻ പരാതിക്കാരന് കഴിഞ്ഞില്ല. ഇതോടെ അദ്ദേഹം ബാബുരാജിനോട് പണം തിരികെ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ 40 ലക്ഷം രൂപ നൽകില്ലെന്ന് ബാബുരാജ് ഇയാളെ അറിയിച്ചു. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ബാബുരാജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്നിപ്പോൾ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.
Discussion about this post