കോഴിക്കോട്: ആർഎസ്എസിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിന്
മഹാത്മാ ഗാന്ധിയുടെ പൗത്രൻ അനിൽ മണിലാൽ ഗാന്ധിയുടെ മകൻ തുഷാർ ഗാന്ധിക്കെതിരെ നോട്ടീസ്. ഈ വാർത്ത പ്രസിദ്ധീകരിച്ച മലയാള മനോരമ, ചന്ദ്രിക എന്നീ ദിനപ്പത്രങ്ങൾക്കുമെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ആർഎസ്എസ് കോഴിക്കോട് വിഭാഗ് പ്രചാർ പ്രമുഖ് ടി.സുധീഷ് ആണ് കോഴിക്കോട് ബാറിലെ അഭിഭാഷകനായ അഡ്വ. ഇ.കെ സന്തോഷ് കുമാർ മുഖേന വക്കീൽ നോട്ടീസ് അയച്ചത്.
ജനുവരി 16 ന് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള സബർമതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ‘മിസ് സ്റ്റേറ്റി’ൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു തുഷാർ ഗാന്ധിയുടെ വിവാദ പരാമർശം. ഗാന്ധിയെ വധിക്കാൻ നിർദ്ദേശവും തോക്കും നൽകിയത് ആർഎസ്എസ് ആയിരുന്നുവെന്നാണ് തുഷാർ ഗാന്ധി ആരോപിച്ചത്.
ഗാന്ധിജിക്കെതിരെ നിറയൊഴിച്ചത് ഗോഡ്‌സെ ആണെങ്കിലും തോക്കും തിരകളും ഉത്തരവും നൽകിയത് ആർഎസ്എസ് ആണെന്ന് പ്രസംഗത്തിൽ തുഷാർ ഗാന്ധി പറഞ്ഞിരുന്നു. വസ്തുതാ വിരുദ്ധവും ആർഎസ്എസ് എന്ന പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്നതുമായ ഈ പരാമർശത്തിനെതിരെയാണ് നോട്ടീസ്.
പല സമയങ്ങളിലായി കേന്ദ്ര ഭരണകൂടങ്ങൾ നിയോഗിച്ച അന്വേഷണ കമ്മീഷനുകൾ ആർഎസ്എസ്സിന് ഗാന്ധി വധവുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടും ഇങ്ങനെയൊരു പ്രസ്താവന തുഷാർ ഗാന്ധി പുറപ്പെടുവിച്ചത് ആർഎസ്എസിനെ കരിവാരിത്തേക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയുള്ളതാണെന്ന് വക്കീൽ നോട്ടീസിൽ പരാമർശിക്കുന്നുണ്ട്.
അടിസ്ഥാനരഹിതമായ ഈ വാർത്ത പ്രസിദ്ധീകരിച്ചതിലൂടെ മലയാള മനോരമ, ചന്ദ്രിക തുടങ്ങിയ പത്രങ്ങൾ അപമാനിക്കലിന് കൂട്ടുനിന്നു. അതുകൊണ്ടു തന്നെ നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയോ അല്ലെങ്കിൽ ഒരാഴ്ച്ചയ്ക്കകം നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ടുള്ള വാർത്ത ഒന്നാം പേജിൽ പ്രസിദ്ധീകരിക്കുകയോ ചെയ്യണം. ഇല്ലെങ്കിൽ സിവിൽ – ക്രിമിനൽ നടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
Discussion about this post