ഹൈദരാബാദ്: ആക്രമണങ്ങൾക്കായി ഇന്ത്യയിലെ കൂടുതൽ നഗരങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയും ഭീകര സംഘടനകളും. കശ്മീരിനും മുംബൈ ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങൾക്കും പിന്നാലെ ഹൈദരാബാദിലും ഭീകരാക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. ഭീകരവാദ കേസുമായി ബന്ധപ്പെട്ട് എൻഐഎ തയ്യാറാക്കിയ എഫ്‌ഐആറിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്.
ഹൈദരാബാദിൽ ഗ്രനേഡുകൾ ഉപയോഗിച്ചുള്ള ലോൺ വൂൾഫ് ആക്രണത്തിനാണ് ഐഎസ്‌ഐയും ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയും പദ്ധതിയിടുന്നത് എന്നാണ് റിപ്പോർട്ടിൽ ഉള്ളത്. ഇതിനായി പാകിസ്താൻ ഗ്രനേഡുകളുടെ വൻ ശേഖരം അക്രമികൾക്ക് എത്തിച്ച് നൽകുന്നുണ്ട്. ചാര സംഘടനയായ ഐഎസ്‌ഐയുടെ വലിയ സഹായമാണ് ഇതിനായി ഭീകര സംഘടനയ്ക്ക് ലഭിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
പൊതുസ്ഥലങ്ങളിൽ വച്ച് ആളുകൾക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്താൻ ആഹ്വാനം ചെയ്ത കേസിൽ മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതിനോട് അനുബന്ധിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഹൈദരാബാദ് നഗരവും ഭീകരർ ലക്ഷ്യമിടുന്നതായി വ്യക്തമായത്. ഹൈദരാബാദ് സ്വദേശികളായ അബ്ദുൾ സാഹെദ്, മാസ് ഹസൻ ഫറൂഖ്, സമിയുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ലഷ്‌കർ ഇ ത്വയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഇവരെ നിയോഗിച്ചിരുന്നത് എന്നാണ് വിവരം.
Discussion about this post