കൊടുങ്ങല്ലൂർ: ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശ നിലയിലായിരുന്ന യുവതിയെ ആംബുലൻസിൽ പീഡിപ്പിക്കാൻ ശ്രമം. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നിന്നും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്ക് യുവതിയെ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു സംഭവം.
സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗം താൽക്കാലിക ജീവനക്കാരനെ അറസ്റ്റ് ചെയ്തു. വെളളിയാഴ്ചയാണ് വിഷം കഴിച്ച നിലയിൽ അവശയായ യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഡോക്ടർമാർ ഇവരെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.
ഇവിടേക്ക് മാറ്റുന്നതിനായി ആംബുലൻസ് എത്തിയപ്പോൾ യുവതിയുടെ ബന്ധുവെന്ന വ്യാജേന ഇയാളും കയറുകയായിരുന്നു. യാത്രയ്ക്കിടെയാണ് പീഡനശ്രമം ഉണ്ടായത്. അവശനിലയിലായിരുന്ന യുവതി പിന്നീട് നഴ്‌സിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് മെഡിക്കൽ കോളജ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഇയാളെ കൊടുങ്ങല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കൽ കോളജ് പോലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.













Discussion about this post