ഇടുക്കി: കുമളി അട്ടപ്പള്ളത്ത് ഏഴ് വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ച അമ്മയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. സംഭവത്തിൽ ഇന്നലെ കുട്ടിയുടെ മൊഴിയെടുത്തിരുന്നു. ഇതിൽ അമ്മയ്ക്കെതിതെ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയ സാഹചര്യത്തിലാണ് ഇന്ന് തന്നെ അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിച്ചത്.
അട്ടപ്പള്ളം ലക്ഷം വീട് കോളനിയിലെ കുട്ടിയ്ക്കാണ് അമ്മയിൽ നിന്നും ക്രൂരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത്. സമീപത്തെ വീട്ടിൽ നിന്നും ടയർ എടുത്തുകൊണ്ടുവന്ന് വീട്ടിൽ ഇട്ട് കത്തിച്ചതിനായിരുന്നു കുട്ടിയെ അമ്മ പൊള്ളലേൽപ്പിച്ചത്. ചട്ടുകം പഴുപ്പിച്ച് ഇരു കൈകളിലും കാലുകളിലും വച്ച് പൊള്ളലേൽപ്പിക്കുകയായിരുന്നു.
അയൽക്കാരിയായ സ്ത്രീയാണ് സംഭവം ആദ്യം അറിഞ്ഞത്. തുടർന്ന് വിവരം പഞ്ചായത്ത് അംഗത്തെ അറിയിക്കുകയായിരുന്നു. ഇവർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ പൊള്ളൽ സാരമുള്ളതല്ല. സംഭവത്തിൽ ഇന്നലെ തന്നെ പോലീസ് കേസ് എടുത്തിരുന്നു.
ഇതിന് പിന്നാലെ പോലീസ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുട്ടിയുടെ സംരക്ഷണം കമ്മിറ്റി ഏറ്റെടുക്കും. കുട്ടിയുടെ നാല് വയസ്സുള്ള സഹോദരി അമ്മയ്ക്കൊപ്പമാണ് ഉള്ളത്. ഈ കുട്ടിയെയും കമ്മിറ്റിയുടെ സംരക്ഷണയിൽ വിടാനാണ് സാദ്ധ്യത.
Discussion about this post