തിരുവനന്തപുരം: സ്‌കൂളുകളിൽ വിദ്യാർത്ഥികളെ അദ്ധ്യാപകർ പോടാ, പോടി എന്ന് വിളിക്കുന്നത് വിലക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങൾ വിലക്കാൻ ഒരുങ്ങുന്നത്. തിരുവനന്തപുരം വെട്ടുകാട് സ്വദേശി സുധീഷ് അലോഷ്യസ് റൊസാരിയോ എന്നായാളാണ് പരാതി നൽകിയത്. അദ്ധ്യാപകരുടെ ഇത്തരം പ്രയോഗങ്ങൾ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പരാതി
ഇത്തരം പ്രയോഗങ്ങൾ വിലക്കി തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നിർദേശം നൽകി. മറ്റു ജില്ലകളിലും ഉടൻ നിർദേശമിറങ്ങുമെന്നാണ് വിവരം.വിദ്യാർത്ഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കരുത്, വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ട തരത്തിലുള്ള വാക്കുകളും പെരുമാറ്റവും മാത്രമുണ്ടാവാൻ പ്രത്യേകം ശ്രദ്ധിക്കണം തുടങ്ങിയവയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.
നല്ല വാക്കുകൾ പ്രയോഗിക്കാനും മറ്റുള്ളവരോട് നല്ലതുപോലെ പെരുമാറാനും കുട്ടികളെ പ്രാപ്തരാക്കുന്ന ഇടം കൂടിയാവണം വിദ്യാലയങ്ങൾ എന്ന് സുധീഷ് നൽകിയ പരാതിയിൽ പറയുന്നു. അദ്ധ്യാപകർ ബഹുമാനം നൽകുന്നവരാണെന്ന് കുട്ടികൾക്ക് തോന്നുന്ന തരത്തിൽ പെരുമാറണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. അദ്ധ്യാപകർ കുട്ടികളെ പോടാ, പോടി എന്ന് വിളിക്കുന്നത് തനിക്ക് നേരിട്ട് അനുഭവമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
Discussion about this post