തിരുവനന്തപുരം: വെള്ളായണി ദേവീ ക്ഷേത്രത്തിൽ കാവി നിറത്തിന് വിലക്കേർപ്പെടുത്തിയ പോലീസുകാർക്ക് അതേ നാണയത്തിൽ മറുപടി നൽകി ഭക്തർ. കാവി നിറം ഉപയോഗിച്ചാണ് ഇക്കുറി പോലീസുകാർക്കുള്ള വിശ്രമ മുറി ഭക്തർ ഒരുക്കിയിരിക്കുന്നത്. ഇതിന് മുൻപിൽ കാവി കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്.
ക്ഷേത്രത്തിന് സമീപത്തെ ആൽ മരണത്തിന് താഴെയായിട്ടാണ് വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കാവി തുണി കൊണ്ട് മറച്ചുകെട്ടിയ വിശ്രമ കേന്ദ്രത്തിൽ ചുവന്ന പരവതാനിയും വിരിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്ര. ഇതിൽ പങ്കെടുക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ക്ഷേത്രത്തിൽ എത്താറുള്ളത്. തിരക്ക് നിയന്ത്രിക്കുന്നതിനും, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് വൻ പോലീസ് സന്നാഹം തന്നെ ഇവിടെ ആവശ്യമാണ്.
കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിൽ കാവി ഉപയോഗിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടത്. അലങ്കാരപ്പണികൾ പുരോഗമിക്കുന്നതിനിടെ മുഴുവനും നീക്കാൻ ആവശ്യപ്പെടുകയായിരുന്നു. കാവി കൊണ്ടുള്ള തോരണങ്ങളും ആർച്ചുമാണ് അലങ്കാരത്തിനായി ഉപയോഗിച്ചിരുന്നത്. ഇതെല്ലാം നീക്കി പല നിറങ്ങൾ കൊണ്ട് അലങ്കരിക്കാനായിരുന്നു നിർദ്ദേശം.
വിചിത്ര നിർദ്ദേശത്തെ തുടർന്ന് പോലീസുകാരും ക്ഷേത്രം ഭാരവാഹികളും തമ്മിൽ ചർച്ച നടത്തി. ഉത്സവക്കമ്മിയുമായി കൂടി ചേർന്ന് മാത്രമേ ഇതിൽ തീരുമാനം കൈക്കൊള്ളാൻ കഴിയുള്ളൂ എന്ന് അധികൃതർ പറഞ്ഞെങ്കിലും അലങ്കാരങ്ങൾ നീക്കം ചെയ്യണമെന്ന പിടിവാശിയിൽ ആയിരുന്നു പോലീസ്. പരാതി പോലും ലഭിക്കാതെയാണ് പോലീസ് തോരണങ്ങൾ നീക്കാൻ ആവശ്യപ്പെട്ടതെന്ന് ഉത്സവ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ഭരണ സംവിധാനമാണ് ഇതിന് പിന്നിൽ എന്നാണ് അംഗങ്ങൾ വ്യക്തമാക്കുന്നത്.
Discussion about this post