ഇസ്ലാമാബാദ്: പാപ്പരത്വത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന പാകിസ്താന് അവസാന പിടിവളളിയായി ഐഎംഎഫ് വായ്പ. ഇതിനായി ഐഎംഎഫ് മുൻപോട്ടുവെച്ചിരുന്ന നിബന്ധനകൾ പാകിസ്താൻ അംഗീകരിച്ചു. പത്ത് ദിവസത്തിലധികം നീണ്ട കഠിനാധ്വാനത്തിന് ഫലം കണ്ടതായും ഐഎംഎഫുമായുളള വിലപേശൽ അന്തിമ തീരുമാനത്തിലെത്തിയെന്നും പാകിസ്താൻ ധനമന്ത്രി ഇഷാഖ് ദാർ പറഞ്ഞു. ഐഎംഎഫ് എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ അംഗീകാരം ലഭിച്ചാൽ പാകിസ്താന് തുക ലഭിക്കും. 1.2 ബില്യൻ ഡോളറാണ് പാകിസ്താൻ എടുക്കുക.
രാജ്യം പാപ്പരപത്വത്തിലേക്ക് നീങ്ങുന്നതിന്റെ വക്കിലാണ് ഐഎംഎഫ് വായ്പ നൽകുന്നത്. ഇതല്ലാതെ പാകിസ്താന്റെ മുൻപിൽ മറ്റ് വഴികൾ ഇല്ലായിരുന്നു. ഇപ്പോൾ തന്നെ ഇന്ധന ക്ഷാമത്തിലും ഊർജ്ജക്ഷാമത്തിലും ഭക്ഷ്യക്ഷാമത്തിലും പാകിസ്താനിലെ ജീവിതം ദുരിതപൂർണമാണ്. പെട്രോൾ പമ്പുകൾ മിക്കതും ഇന്ധനമില്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്.
വായ്പ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സർക്കാർ മിനി ബജറ്റിലൂടെ പുതിയ നികുതി നിർദ്ദേശങ്ങൾ അവതരിപ്പിക്കും. 170 ബില്യൻ രൂപയുടെ നികുതി നിർദ്ദേശങ്ങളാണ് അവതരിപ്പിക്കുക. 2019-20 ൽ മുൻ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാൻ ഐഎംഎഫുമായി ഒപ്പുവെച്ചിരുന്ന കരാറാണ് ഇപ്പോൾ തങ്ങൾ നടപ്പിലാക്കാൻ നിർബന്ധിതമായതെന്ന് ധനമന്ത്രി പറഞ്ഞു.
ഊർജ്ജ, വാതക, സാമ്പത്തിക മേഖലകളിലാകും കൂടുതൽ നികുതിമാറ്റങ്ങൾ ഉണ്ടാകുക. നടപ്പുസാമ്പത്തിക വർഷത്തിലെ നാല് മാസങ്ങൾക്കുളളിലാണ് നികുതിയായി 170 ബില്യൻ പിരിച്ചെടുക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതോൽപാദനത്തിനായി പാകിസ്താൻ ചിലവഴിക്കുന്നത് 3000 ബില്യൻ രൂപയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ 1800 ബില്യൻ രൂപയാണ് തിരികെ ലഭിക്കുന്നത്. ഇത്തരം പല ഘടകങ്ങൾ പരിഗണിച്ചാണ് പാകിസ്താനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് തിരിച്ചുകൊണ്ടുവരാനുളള നിർദ്ദേശങ്ങൾ ഐഎംഎഫ് തയ്യാറാക്കിയിരിക്കുന്നത്.
Discussion about this post