തിരുവനന്തപുരം; കണ്ണൂരിലെ ആയൂർവേദ റിസോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും അനധികൃത സാമ്പാദ്യ ആരോപണവും മാദ്ധ്യമസൃഷ്ടിയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. എനിക്കെതിരെ ആരും ഒരു ആരോപണവും എവിടെയും ഉന്നയിച്ചിട്ടില്ല. ഒരു സാമ്പത്തികമായ തെറ്റായ നിലപാട് സ്വീകരിച്ചുവെന്നും പറഞ്ഞിട്ടില്ല. നാടിന്റെ ക്ഷേമത്തിന് വേണ്ടി ഒട്ടനവധി കാര്യങ്ങൾ ചെയ്യുന്ന ആളാണ് താനെന്നും വാർത്തകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് മാദ്ധ്യമങ്ങളാണെന്നും ഇപി ജയരാജൻ പ്രതികരിച്ചു.
നിങ്ങൾക്ക് വേണ്ടതെല്ലാം നിങ്ങൾ ഇന്നലെ എഴുതി പിടിപ്പിച്ചില്ലേ എന്നായിരുന്നു ഇപി ജയരാജന്റെ ആദ്യ പ്രതികരണം. ഉളളതും ഇല്ലാത്തതുമെല്ലാം എഴുതിയില്ലേ?. എനിക്ക് ഒരു പരാതിയുമില്ല. മാദ്ധ്യമങ്ങൾ വസ്തുതാപരമായി കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കണം. എനിക്കൊരു പോറലും ഏൽക്കില്ല. മുഖ്യമന്ത്രി പറയുന്നതുപോലെ മടിയിൽ കനമുളളവനേ ഭയപ്പെടേണ്ടതുളളൂ അതുകൊണ്ട് എനിക്ക് ഭയപ്പെടേണ്ടതില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
എന്റെ സംരക്ഷകർ പാർട്ടിയാണെന്നും പാർട്ടി സഖാക്കളെയാണ് ഏറ്റവും അധികം വിശ്വസിക്കുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു. ഇന്ന് തുടങ്ങിയതല്ല, തൃശൂരിൽ പാർട്ടി സെക്രട്ടറിയായിരുന്ന സമയത്ത് ശോഭാ സിറ്റിയിൽ വീടുണ്ടെന്നും ഫ്‌ലാറ്റുണ്ടെന്നും എഴുതിയവരാണ്. അതുകൊണ്ടൊന്നും ഞാൻ ഇല്ലാതായിട്ടില്ല. വ്യക്തിഹത്യയ്ക്ക് വാർത്തകൾ സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ആരാണ് ഇതിന് പിന്നിലെന്ന ചോദ്യത്തിന് നിങ്ങൾ തന്നെ കണ്ടെത്താനായിരുന്നു മറുപടി. എല്ലാ കാര്യങ്ങളും പരിശോധിക്കാൻ കഴിവുളള പാർട്ടിയാണ് സിപിഎം. എല്ലാ കാലഘട്ടത്തിലും ഇത്തരം പ്രചാരണങ്ങൾ അഴിച്ചുവിട്ടിട്ടുണ്ട്. അതായി മാത്രമേ കാണുന്നുളളൂ. ആരോടും വിദ്വേഷവും വിരോധവും ഇല്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു.
Discussion about this post