എറണാകുളം: നഗരത്തിൽ മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. നേര്യമംഗലം സ്വദേശി അനിൽ കുമാർ ആണ് പിടിയിലായത്. നേരത്തെ വാഹനാപകടം ഉണ്ടാക്കിയതിനെ തുടർന്ന് അനിൽ കുമാറിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് ഇയാൾ മദ്യപിച്ച് ലൈസൻസ് ഇല്ലാതെ ബസ് ഓടിച്ചത്.
സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങൾക്ക് തടയിടാൻ കർശന പരിശോധനയാണ് പോലീസ് നഗരത്തിൽ നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തൃക്കാക്കര പോലീസ് ആണ് അനിൽ കുമാറിനെ പിടികൂടിയത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ആണ് പോലീസിന്റെ തീരുമാനം.
ഇയാൾ ഓടിച്ച ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ശുപാർശ ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം ജാമ്യത്തിൽ വിട്ടു. ആഴ്ചകൾക്ക് മുൻപ് പാലാരിവട്ടത്ത് ഉണ്ടായ വാഹനാപകടത്തെ തുടർന്നായിരുന്നു ഇയാളുടെ പെർമിറ്റ് റദ്ദാക്കിയത്.
Discussion about this post