തൃശ്ശൂർ: രാമവർമ്മപുരത്ത് യുവതിയെ പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിൽ. രാമവർമപുരം പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥൻ കെ.സി ശ്രീരാജ് ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32 കാരിയെ ആണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. വിവാഹ വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തൃശ്ശൂരിലെയും ഗുരുവായൂരിലെയും ഹോട്ടലുകളിൽ എത്തിച്ച് നിരവധി തവണ പീഡനത്തിന് ഇരയാക്കിയിരുന്നു. ഇവിടുത്തെ ഒരു ഹോട്ടലിൽ ആറ് മാസത്തോളം ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നു. എന്നാൽ വിവാഹം കഴിക്കാമെന്ന് പറഞ്ഞതോടെ ഇയാൾ കയ്യൊഴിയുകയായിരുന്നു. തുടർന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെയാണ് സംഭവം വീട്ടുകാർ അറിയുന്നത്.
ജോലി ആവശ്യത്തിനാണ് ഹോട്ടലിൽ താമസിക്കുന്നത് എന്നായിരുന്നു യുവതി വീട്ടുകാരോട് പറഞ്ഞിരുന്നത്. ആത്മഹത്യാ ശ്രമത്തിന് പിന്നാലെ യുവതിയെ വീട്ടുകാർ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് വീട്ടുകാരുടെ നിർദ്ദേശ പ്രകാരമാണ് യുവതി തൃശ്ശൂർ ഈസ്റ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം പരാതി നൽകിയതിന് പിന്നാലെ ചില സിപിഎം പ്രാദേശിക പാർട്ടി പ്രവർത്തകരിൽ നിന്നും സമ്മർദ്ദവും ഭീഷണിയും ഉണ്ടായതായി യുവതി പറഞ്ഞു. പാലക്കാടും കാസർകോടുമുള്ള പാർട്ടി പ്രവർത്തകർ ആയിരുന്നു യുവതിയ്ക്ക്‌മേൽ സമ്മർദ്ദം ചെലുത്തിയത്. ഇവർക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംഭവത്തിൽ യുവതിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post