ഇടുക്കി: മൂന്നാം ക്ലാസുകാരനോട് അദ്ധ്യാപികയുടെ ക്രൂരത.ഇടുക്കി വണ്ടിപ്പെരിയാറിൽ ക്ലാസിൽ ബഹളമുണ്ടാക്കിയെന്നാരോപിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിയുടെ മുഖത്ത് അദ്ധാപിക അടിച്ചതായി പരാതി. വണ്ടിപ്പെരിയാർ സർക്കാർ എൽ പി സ്‌കൂൾ വിദ്യാർത്ഥിയായ മൂന്നാം ക്ലാസുകാരൻറെ കരണത്താണ് ജൂലിയറ്റ് എന്ന താൽക്കാലിക അദ്ധ്യാപിക അടിച്ചത്. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്. അദ്ധ്യാപിക ക്ലാസിലില്ലാതിരുന്നതിനാൽ കുട്ടികളിൽ ചിലർ ഡസ്‌ക്കിൽ കൊട്ടി ശബ്ദമുണ്ടാക്കി. ഈ സമയം അതുവഴിയെത്തിയ ജൂലിയറ്റ് എന്ന അദ്ധ്യാപിക ഡസ്‌കിൽ കൊട്ടിയെന്ന് ആരോപിച്ച് കരണത്തടിക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ പരാതി.
സ്‌കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി വൈകുന്നേരം ജോലി കഴിഞ്ഞ് അമ്മയെത്തിയപ്പോൾ ടീച്ചർ അടിച്ച കാര്യം പറയുകയായിരുന്നു. വേദന മൂലം ഭക്ഷണം കഴിക്കാൻ കഴിയാതെ വന്നതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകരെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം വണ്ടിപ്പെരിയാർ പോലീസിനെ അറിയിച്ചു.
Discussion about this post