തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കൾ പ്രതിയായ പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിക്കാതെ അന്വേഷണ സംഘം. സംഭവം നടന്ന് നാല് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതെ വിവിധ കാരണങ്ങൾ പറഞ്ഞ് ക്രൈംബ്രാഞ്ച് ഉഴപ്പുകയാണ്. കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികളായ എസ്എഫ്‌ഐ നേതാക്കൾക്ക് ജാമ്യവവും ലഭിച്ചു.
2018 ഓഗസ്റ്റ് എട്ടിനായിരുന്നു കോൺസ്റ്റബിൾ പരീക്ഷ നടന്നത്. ഇതിൽ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവർക്ക് പരീക്ഷയിൽ ഉന്നത റാങ്ക് ഉണ്ടായിരുന്നു. ഇവരുടെ നിയമനം സംബന്ധിച്ച കാര്യങ്ങളിൽ നടപടികൾ തുടരുന്നതിനിടെയായിരുന്നു കേരളത്തെ ഞെട്ടിച്ച പരീക്ഷാ തട്ടിപ്പ് പുറത്തുവന്നത്. പരീക്ഷാ ഹാളിൽ നിന്നും ചോർത്തിയ ചോദ്യപേപ്പർ പരിശോധിച്ച് സ്മാർട്ട് വാച്ച് വഴി ഗോകുൽ എന്ന പോലീസുകാരനും രണ്ട് സുഹൃത്തുക്കളും ചേർന്നായിരുന്നു ഉത്തരങ്ങൾ പ്രതികൾക്ക് നൽകിയത്. പിന്നീട് നടത്തിയ പരീക്ഷയിൽ പ്രതികൾക്ക് അഞ്ച് മാർക്ക് പോലും തികച്ച് വാങ്ങാൻ കഴിഞ്ഞിരുന്നില്ല.
തട്ടിപ്പിനായി ഉപയോഗിച്ച മൊബൈലിന്റെയും വാച്ചിന്റെയും ഫോറൻസിക് പരിശോധന വൈകുന്നതാണ് കുറ്റപത്രത്തിന് തടസ്സം എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം. എന്നാൽ ഇത് ലഭിച്ച ശേഷവും കുറ്റപത്രം സമർപ്പിക്കാൻ തയ്യാറാകുന്നില്ല. ഗൂഢാലോചന കേസിലെ പോലീസുകാരന് പ്രോസിക്യൂഷൻ അനുമതി നൽകാൻ കാലതാമസം എടുക്കുന്നു എന്നതായിരുന്നു രണ്ടാമത്തെ കാരണം. എന്നാൽ ഇതിന് ശേഷവും കുറ്റപത്രമില്ല. എകെജി സെന്റർ ആക്രമണകേസ് അന്വേഷിക്കാൻ ഇതേ കേസിലെ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് പുതിയ കാരണമായി ക്രൈംബ്രാഞ്ച് ഉയർത്തുന്നത്.
Discussion about this post