തിരുവനന്തപുരം; മുഖ്യമന്ത്രിയ്ക്ക് പേടിയുണ്ടെങ്കിൽ പുറത്തിറങ്ങേണ്ട, ജനങ്ങളെ ബന്ദിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സെക്രട്ടറിയേറ്റിന് മുന്നിൽ യുഡിഎഫ് രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം എന്തെന്നു മനസിലാക്കാതെ ജനങ്ങളുടെ തലയിൽ ഇരുമ്പ് കൂടം കൊണ്ട് അടിക്കുന്നതിന് തുല്യമാണ് ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ. നികുതി പരിച്ചെടുക്കുന്നതിലുണ്ടായ പരാജയം മറച്ചു വക്കാനാണ് കേന്ദ്ര സഹായം കുറഞ്ഞെന്നും പെൻഷൻ നൽകണമെന്നുമുള്ള ന്യായീകരങ്ങൾ സർക്കാർ പറയുന്നതെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കല്ലെറിഞ്ഞവരാണ് സി.പി.എമ്മുകാർ. അതുപോലെ പിണറായി വിജയനെ കല്ലെറിയില്ലെന്ന് ഉറപ്പ് നൽകിയിട്ടും എന്തിനാണ് ഇത്രയും ഭയപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു.നേരത്തെ കറുപ്പിനെ പേടിച്ച പിണറായി ഇപ്പോൾ ഖദറിന്റെ വെളുപ്പിനെയാണ് പേടിക്കുന്നതെന്ന് വി.ഡി സതീശൻ പരിഹസിച്ചു. ഖദറിട്ട ആരെയെങ്കിലും മുഖ്യമന്ത്രി കണ്ടുകഴിഞ്ഞാൽ കാര്യം പോക്കാണ്. മുഖ്യമന്ത്രി പോകുന്ന വഴിയിലെ ബസ് സ്റ്റോപ്പിൽ പോലും വെളുത്ത വസ്ത്രമിട്ട് ആർക്കും നിൽക്കാൻ പറ്റാത്ത അവസ്ഥയാണെന്നും സതീശൻ പരിഹസിച്ചു.
ഇത് സ്റ്റാലിന്റെ റഷ്യയല്ല മിസ്റ്റർ പിണറായി വിജയൻ, ജനാധിപത്യ കേരളമാണ്. ഇനി ഏതെങ്കിലും സ്ത്രീക്കെതിരെ പുരുഷ പൊലീസുകാർ കൈവച്ചാൽ സമരരീതി മാറും. മുഖ്യമന്ത്രിക്ക് പേടിയുണ്ടെങ്കിൽ പുറത്തിറങ്ങേണ്ട. നിങ്ങൾക്ക് റോഡിൽ ഇറങ്ങാൻ ജനങ്ങളെ ബന്ദിയാക്കാൻ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോയെന്ന് വിഡി സതീശൻ പരിഹസിച്ചു.
സമാധാനപരമായി സമരം ചെയ്യുന്നത് യു.ഡി.എഫിന്റെ ദൗർബല്യമായി കാണരുത്. സർക്കാരിന്റെ മുഖംമൂടി ജനങ്ങൾക്ക് മുന്നിൽ വലിച്ചു കീറുന്ന സമരങ്ങളുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post