തെക്കൻ ഇറാഖിൽ ഏകദേശം 5000 വർഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന ഭക്ഷണശാലയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.ലോകത്തിലെ ആദ്യകാല നഗരങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ കുറിച്ച് കൂടുതലറിയാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. യുഎസ് ഇറ്റാലിയൻ സംഘമാണ് ഗവേഷണം നടത്തിയത്.
ഇന്നത്തെ ഫ്രിഡ്ജിന് സമാനമായ രീതിയിൽ ഭക്ഷണം തണുപ്പിക്കുന്നതിന് വേണ്ടിയുള്ള സംവിധാനം, ഓവൻ, ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് ഇരിക്കാനുള്ള ബെഞ്ചുകൾ, 150ഓളം പാത്രങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. സുമേരിയൻ ജനതയുടെ ഇടയിൽ വ്യാപകമായിരുന്ന ഒരു തരം ബിയർ കുടിച്ചതിന്റെ തെളിവുകൾ കിട്ടിയിട്ടുണ്ട്. മീനിന്റേയും ഇറച്ചിയുടേയും എല്ലുകളുടെ അവശിഷ്ടങ്ങളും പാത്രങ്ങളിൽ കണ്ടെത്തിയതായി പ്രൊജക്ട് ഡയറക്ടർ ഹോളി പിറ്റ്മാൻ പറഞ്ഞു.
ആളുകൾ കൂട്ടമായി ഭക്ഷണം കഴിക്കാൻ എത്തുന്നതിന്റെ തെളിവുകളാണ് ഇതെന്നും ഹോളി പിറ്റ്മാൻ പറയുന്നു. ” പാത്രങ്ങളും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും ബെഞ്ചുകളുമെല്ലാം കണ്ടെത്തി. എന്നാൽ അതൊരിക്കലും ഒരു വീടല്ല. ആളുകൾ കൂട്ടമായി ഭക്ഷണം കഴിക്കാനെത്തിയിരുന്ന സ്ഥലമാണ്. സുമേറിയക്കാർ വെള്ളത്തെക്കാൾ കൂടുതൽ ബിയറാണ് കുടിച്ചിരുന്നത്. പ്രദേശത്ത് നിന്ന് ഇതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും” അവർ പറഞ്ഞു
Discussion about this post