തിരുവനന്തപുരം: രാജ്യവിരുദ്ധ വാർത്തകൾ പ്രചരിപ്പിച്ചതിന് പിന്നാലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിലും ബിബിസിയെ അമിതമായി പിന്തുണയ്ക്കുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പി എസ് സി മുൻ ചെയർമാനും ബിജെപി നേതാവുമായ ഡോക്ടർ കെ എസ് രാധാകൃഷ്ണൻ. ഇന്ത്യയെക്കുറിച്ച് ബി ബി സിയ്ക്ക് ഒരിക്കലും നല്ല അഭിപ്രായം ഉണ്ടായിരുന്നില്ലെന്ന് ഡോ. രാധാകൃഷണൻ ചൂണ്ടിക്കാട്ടി. 1970ൽ കൽക്കത്തയിലെ തെരുവ് ജീവിതത്തെ ഉപജീവിച്ചുകൊണ്ടു ഇന്ത്യൻ ജീവിതത്തെ വക്രീകരിച്ച് പ്രചരിപ്പിക്കുന്ന ഡോകുമെന്ററി അവർ പ്രസിദ്ധികരിച്ചതും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബി ബി സി യെ ഇന്ത്യയിൽ നിരോധിച്ചതും ഉൾപ്പെടെയുള്ള സംഭവങ്ങൾ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം വിശദീകരിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ബി ബി സിയും ശിക്ഷിക്കപ്പെടണം
ബ്രിട്ടനിലെ രാജാവിന്റെ തിട്ടൂരമനുസരിച്ചു 1922 ഒക്ടോബർ 18ൽ സ്ഥാപിക്കപ്പെട്ട കമ്പനിയാണ് ബി ബി സി. മാർക്കോണി ഉൾപ്പെടെയുള്ള കമ്പിയില്ലാക്കമ്പി നിർമാതാക്കളാണ് കമ്പനി രൂപീകരിച്ചത്. ഈസ്റ്റ് ഇന്ത്യ കമ്പനി രൂപീകരിച്ചതും ബ്രിട്ടീഷ് രാജാവിന്റെ തിട്ടൂരമനുസരിച്ചാണ്. രണ്ടിന്റെയും ലക്‌ഷ്യം ബ്രിട്ടീഷ് താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതായിരുന്നു. 1922 നവംബർ 14നു കമ്പനി വാർത്താവിതരണം തുടങ്ങി. വാർത്താവിതരണമല്ലാതെ വേറെയും വാണിജ്യസ്ഥാപനങ്ങൾ കമ്പനി നടത്തുന്നുണ്ട്. മൊത്തം വരുമാനത്തിന്റെ 1/4 ഭാഗം വാണിജ്യസ്ഥാപനങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. 1927 ജനുവരിയിലാണ് കമ്പനി കോർപറേഷനായത്. ജോൺ കീതാണ് (20/7/1889 – 16/6/1971) കമ്പനിയുടെ ആദ്യ ജനറൽ മാനേജർ. നല്ല മനുഷ്യൻ. ബ്രിട്ടീഷ് രാജാവിനോടും പ്രസ്ബിറ്റേറിയൻ പള്ളിയോടും നിർവ്യാജമായ കൂറും വിശ്വസ്തതയും പുലർത്തി. രണ്ടിടത്തുനിന്നും അനേകം പുരസ്കാരങ്ങളും ലഭിച്ചു. ബ്രിട്ടീഷ് കോളനികൾ സ്വതന്ത്രരാകുന്നതിൽ അതൃപ്‌തിയുണ്ടായിരുന്ന ബ്രിട്ടീഷ് പക്ഷപാതികളിൽ ഒരുവനായിരുന്നു ജോൺ കീത്.
ഇന്ത്യയെക്കുറിച്ചു ബി ബി സിയ്ക്ക് ഒരിക്കലും നല്ല അഭിപ്രായം ഉണ്ടായിരുന്നില്ല. തരം കിട്ടുമ്പോഴെല്ലാം അവർ ഇന്ത്യയെ അധിക്ഷേപിച്ചുകൊണ്ടിരുന്നു. അങ്ങിനെയാണ്, 1970ൽ കൽക്കത്തയിലെ തെരുവ് ജീവിതത്തെ ഉപജീവിച്ചുകൊണ്ടു ഇന്ത്യൻ ജീവിതത്തെ വക്രീകരിച്ചു പ്രചരിപ്പിക്കുന്ന ഡോകുമെന്ററി അവർ പ്രസിദ്ധികരിച്ചതും അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി ബി ബി സി യെ ഇന്ത്യയിൽ നിരോധിച്ചതും. വിവാദമുണ്ടാക്കുന്നതും നമ്മെ അപകീർത്തിപ്പെടുത്തുന്നതുമായ കാര്യങ്ങൾ അവസരം കിട്ടുമ്പോഴെല്ലാം അവർ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇത്രയും ആമുഖമായി പറഞ്ഞത് ബി ബി സിയിൽ നടന്ന ആദായനികുതി സർവേയെ കുറിച്ച് പറയുന്നതിന് വേണ്ടിയാണ്. ബി ബി സി ഇപ്പോഴും കരുതുന്നത് ഇന്ത്യ ഭരിക്കുന്നത് ബ്രിട്ടീഷ് രാജാവാണ് എന്നാണ്. അതുകൊണ്ടാണല്ലോ അവർ ഇന്ത്യയിൽ കച്ചവടം നടത്തുമ്പോഴും ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാൻ മടിക്കുന്നത്. ഇന്ത്യയിൽനിന്നും അനധികൃതമായി പണം വിദേശത്തു കൊണ്ടുപോകുക, വിദേശത്തുനിന്നും പണം അനധികൃതമായി ഇന്ത്യയിലേക്ക് കടത്തുക തുടങ്ങിയ കാര്യങ്ങൾ അവർ ചെയ്യുന്നുണ്ട് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സർവ്വേ നടക്കുന്നത്.
ബി ബി സി സർവ്വേയുമായി സഹകരിക്കുന്നുണ്ട്. അവർക്കു പരാതിയുമില്ല. അവരുടെ വാർത്താവിതരണ വ്യാപാരം നന്നായി നടക്കുന്നുണ്ട് എന്നും അവർ പത്രക്കുറിപ്പിൽ പറഞ്ഞു. എന്നാൽ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ എല്ലാം ബി ബി സിയോടൊപ്പം ചേർന്നു. അവരെല്ലാം ഭരണഘടനാനുച്ഛേദം 19 (1)ന്റെ സംരക്ഷകരായി. അവരെല്ലാം അഭിപ്രായ സ്വാതന്ത്യത്തിന്റെ വക്താക്കളായി. കമ്മ്യൂണിസ്റ്റുകാർക്ക് അവരുടെ സിദ്ധാന്തമനുസരിച്ചു അഭിപ്രായ സ്വാതന്ത്ര്യമേയില്ല. ലോകത്തു ഒരു കമ്മ്യൂണിസ്റ്റു രാജ്യത്തും അഭിപ്രായ സ്വാതന്ത്രം നൽകിയിട്ടുമില്ല. നെഹ്രുവും ഇന്ദിരാഗാന്ധിയുമടക്കമുള്ളവർ അവർക്കു തോന്നുമ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തിയിട്ടുണ്ട്. എന്നിട്ടും കോൺഗ്രസ്സ് പറയുന്നു; ഇത് അപലപനീയം; ഇടതുപക്ഷം പറയുന്നു, ഇത് ജനാധിപത്യ വിരുദ്ധം; ആംനസ്റ്റി ഇന്റർനാഷണൽ ചെയർമാൻ പറയുന്നു, ഇത് വിമർശനത്തെ നിശ്ശബ്ദമാക്കാൻ. രാജ്യത്തു നിലനിൽക്കുന്ന നിയമമനുസരിച്ചു ആദായനികുതി വകുപ്പ് സർവ്വേ നടത്തുന്നതാണ് ഇവരെല്ലാം സൂചിപ്പിക്കുന്ന ‘ഇത്’. ബി ബി സി ആയതുകൊണ്ട് നിയമം പാലിക്കേണ്ട എന്നാണ് ഇവർ പറയുന്നതിന്റെ ചുരുക്കം. അതായത്, നിയമത്തിന്റെ മുന്നിൽ തുല്യ പരിഗണന എന്ന ഭരണഘടന തത്വത്തിൽ അവർക്കു വിശ്വാസമില്ല എന്ന് സാരം. ഈ രാജ്യത്തെ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ് എന്ന കാര്യവും അവർ മറക്കുന്നു. അല്ലെങ്കിൽ അവർ സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നു. അതുമല്ലെങ്കിൽ ചില്ലറ കിട്ടാൻ വേണ്ടി അവർ ഈ ഹീനകൃത്യം ചെയ്യുന്നു എന്ന് കരുതേണ്ടി വരും.
മോദി സർക്കാരിന് മടിയിൽ കനമില്ലാത്തതുകൊണ്ടു വഴിയിൽ പേടിയില്ല. അതുകൊണ്ടു ബി ബി സിക്കും ചിദംബരത്തിനും സോണിയ കുടുംബത്തിനും നിയമം ഒരുപോലെ ബാധകമാക്കും. തെറ്റ് ചെയ്തവർ ബി ബി സിയാണെങ്കിലും ശിക്ഷിക്കപ്പെടും. ഇനി മറ്റൊരു കാര്യം, മാധ്യമങ്ങൾക്കു മാത്രമായി ഭരണഘടനയിൽ ഒരു അവകാശവുമില്ല. അവർക്കു മാത്രമായി പ്രത്യേക നിയമസംരക്ഷണവുമില്ല. രാജ്യത്തു നിലനിൽക്കുന്ന നിയമം ആര് ലംഘച്ചാലും അവർ ശിക്ഷിക്കപ്പെടണം. ഏതെങ്കിലും ഒരു മാധ്യമ സ്ഥാപനം കള്ളനോട്ട് അച്ചടിച്ചാലും അവരെ ശിക്ഷിക്കരുത് എന്നും ഇക്കൂട്ടർ ഇതേ യുക്തി അനുസരിച്ചു വാദിക്കുമായിരിക്കും. പ്രതിപക്ഷം പറയുന്നത് പ്രമാണിമാരെ ശിക്ഷയിൽ നിന്നും ഒഴിവാക്കണം എന്നാണ്. അത് നടക്കില്ല എന്നാണ് മോദി അവരോടു പറയുന്നത്. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)
Discussion about this post