കൊച്ചി: ശിവരാത്രി മഹോത്സവത്തിനായി അണിഞ്ഞൊരുങ്ങി ആലുവ മണപ്പുറം. ആലുവ മഹാദേവ ക്ഷേത്രത്തിൽ വിപുലമായ തയ്യാറെടുപ്പുകളാണ് ഇത്തവണ നടത്തിയിരിക്കുന്നത്. വ്യാപാര മേളയുടെ മുഴുവൻ ചുമതലയും ബംഗളൂരു ഫൺ വേൾഡ് കമ്പനിയെയാണ് നഗരസഭയും ദേവസ്വം ബോർഡും ഏൽപ്പിച്ചിരിക്കുന്നത്. പരവതാനി വിരിച്ചാണ് വ്യാപാര മേളയും അമ്യൂസ്‌മെന്റ് പാർക്കും സഞ്ജീകരിച്ചിരിക്കുന്നത്
കൊറോണയ്ക്ക് ശേഷമായതിനാൽ മണപ്പുറത്തെ വ്യാപാര സ്റ്റാളുകൾ പൊന്നും വിലയ്ക്കാണ് ആളുകൾ ലേലത്തിൽ പിടിക്കുന്നത്. 157 സ്റ്റാളുകളാണ് നിലവിൽ ഉള്ളത്. അതിൽ എറ്റവും മുന്തിയ എ വിഭാഗത്തിൽ പെട്ട ഒരു സ്റ്റാൾ ലേലത്തിൽ പോയത് 1,80,000 രൂപയ്ക്കാണ്. സ്റ്റാളുകളെല്ലാം ആവശ്യക്കാർ വരുന്ന മുറയ്ക്ക് നിശ്ചിത തുക ഈടാക്കി നൽകാനാണ് തീരുമാനം.
സുരക്ഷയ്ക്കായി 1200 പോലീസുകാരെ വിന്യസിക്കും. അഗ്‌നി രക്ഷാസേനയുടെ രണ്ട് വാഹനങ്ങളും സ്‌കൂബാ ഡൈവർമാരും 25 വളന്റിയർമാരും മണപ്പുറത്തുണ്ടാകും. പ്രധാന എട്ട് കേന്ദ്രങ്ങളിൽ ആംബുലൻസ് സേവനം ലഭ്യമാക്കും. ദേവസ്വം ബോർഡിന്റെ അപേക്ഷ ലഭിക്കുന്നമുറയ്ക്ക് നേവിയുടെ സേവനവും ലഭ്യമാക്കും. മെഡിക്കൽ ടീമിനെയും സജ്ജമാക്കി.ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ലാബുകൾ അടക്കം ക്രമീകരിക്കുന്നുണ്ട്.
Discussion about this post