ഇരയെ കിട്ടാതാകുമ്പോൾ നായാട്ടുനായ്ക്കൾ പരസ്പരം കടിച്ചുകീറുന്ന ശൈലിയാണ് ഇപ്പോൾ സിപിഎമ്മുകാർക്കുള്ളത് എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദൻ മാസ്റ്റർ. ആകാശ് തില്ലങ്കേരിമാരും അർജുൻ ആയങ്കിമാരും ഇനിയും രംഗത്തുവരും. കാരണം, മനുഷ്യ ബന്ധങ്ങൾക്കും സമൂഹത്തിനും മാർക്‌സിസ്റ്റുകൾ ഏൽപ്പിച്ച ക്ഷതം ചെറുതല്ലെന്നും അതിന്റെ പ്രത്യാഘാതം അവരെ തിരിഞ്ഞു കൊത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ കണ്ണൂരും ആലപ്പുഴയും ഇന്ന് പാർട്ടി നേതൃത്വത്തിന് തലവേദനയായി മാറിയിരിക്കുകയാണ്. പാർട്ടിക്കുവേണ്ടി കൊല്ലാനും ചാകാനും നടന്നവർ സൈബർ ഇടങ്ങളിലും പൊതുസ്ഥലങ്ങളിലും പരസ്പ്പരം കൈക്കരുത്ത് കാണിക്കുകയാണ്. കൊന്നത് പാർട്ടി പറഞ്ഞിട്ട് തന്നെയാണ് ഭയരഹിതമായി ഏറ്റുപറയാൻ ക്രിമിനലുകൾ തയ്യാറാവുന്നത് അവരനുഭവിക്കുന്ന മന:സാക്ഷിക്കുത്ത് കൊണ്ടൊന്നുമല്ല. അണികളെ ബലിയാടുകളാക്കി നേതാക്കൾ തടിച്ചുകൊഴുക്കുന്നത് അവർ കാണുന്നുണ്ട്. ആവശ്യം കഴിയുമ്പോൾ കറിവേപ്പില പോലെയാകുന്നത് അവരെ അസ്വസ്ഥരാക്കുന്നുണ്ട്.
അവരിൽ മോഹഭംഗമനുഭവിക്കുന്നവർ തരം കിട്ടുമ്പോൾ തൊഴുത്തിൽ കുത്ത് നടത്തുന്നതും അവർ അറിയുന്നുണ്ട്. എന്തു തെമ്മാടിത്തരം കാണിച്ചാലും തണലൊരുക്കാറുള്ള പാർട്ടി, സാമൂഹ്യ സമ്മർദം കാരണം ഗതികെട്ട് അത് നിഷേധിക്കുമ്പോൾ അവർ രോഷാകുലരാകുന്നുണ്ട്. സത്യത്തിനും നീതിക്കും ചിതയൊരുക്കുന്ന ശീലം ഏറെക്കാലം കൊണ്ടു നടക്കാൻ മാർക്‌സിസ്റ്റ് പാർട്ടിക്ക് കഴിയാതെ വരുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post