ബന്ദിപ്പൂർ: ബന്ദിപ്പൂരിൽ കടുവാ സങ്കേതത്തിലെ ജീവനക്കാരുടെ ഇടപെടലിനെ തുടർന്ന് വൈദ്യുതാഘാതമേറ്റ ആനയുടെ ജീവൻ രക്ഷിച്ച സംഭവത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമങ്ങളിലടക്കം ഈ സംഭവം വാർത്താ പ്രാധാന്യം നേടിയിരുന്നു. പിന്നാലെയാണ് ആനയുടെ ജീവൻ രക്ഷിച്ച ജീവനക്കാരെ പ്രധാനമന്ത്രി പ്രശംസിച്ചത്.
കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ട്വിറ്ററിൽ പങ്കുവച്ച രക്ഷാപ്രവർത്തനത്തിന്റെ വീഡിയോയ്ക്കുള്ള പ്രതികരണമാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. ” ഇത് കാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. ബന്ദിപ്പൂർ ടൈഗർ റിസർവിലെ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ. നമ്മുടെ ആളുകൾക്കിടയിൽ ഇത്തരം അനുകമ്പ കാണുന്നത് പ്രശംസനീയമാണെന്നും” പ്രധാനമന്ത്രി പറയുന്നു. ജീവനക്കാർ സമയോചിതമായി ഇടപെട്ടതിനെ തുടർന്നാണ് ആനയ്ക്ക് ജീവൻ തിരിച്ച് കിട്ടിയത്. വൈദ്യുതാഘാതമേറ്റതോടെയാണ് ആന അബോധാവസ്ഥയിലാകുന്നത്.
വീഡിയോയിൽ ഒരു പിടിയാന അബോധാവസ്ഥയിൽ കിടക്കുന്നത് കാണാം. ചുറ്റുമുള്ള ആളുകൾ ആനയെ പരിപാലിക്കുന്നതും കാണാം. ആന ബോധം തെളിഞ്ഞ ശേഷം നടന്നു പോകുന്നതായി മറ്റൊരു വീഡിയോയിൽ കാണാം. ആനയെ വനത്തിലുള്ളിലേക്ക് കയറ്റി വിട്ടുവെന്നും, വനംവകുപ്പ് ജീവനക്കാർ നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. വനമേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾ നാടിന് അഭിമാനമാണെന്നും ഭൂപേന്ദർ യാദവ് പറയുന്നു.
Happy to see this.
Compliments to the staff at Bandipur Tiger Reserve. Such compassion among our people is commendable. https://t.co/rcQIZdETNk
— Narendra Modi (@narendramodi) February 18, 2023
Discussion about this post