അമൃത്സർ-ജംനഗർ എക്‌സ്പ്രസ് വേ നിർമ്മിക്കാൻ സ്ഥലം ഏറ്റെടുത്ത് കൊടുത്തത് പിണറായി സർക്കാരാണെന്ന് കെടി ജലീൽ എംഎൽഎ. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ പ്രകാശ് ബാബുവിന്റെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ടാണ് കെടി ജലീൽ രംഗത്തെത്തിയത്. പഞ്ചാബിലെ അമൃത്സറിൽ നിന്നും ഗുജറാത്തിലെ ജാംനഗർ വരെയുള്ള 1224 കിലോമീറ്റർ നീളത്തിലുളള 6 വരി ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേ ക്വാറിഡോർ പദ്ധതിയെക്കുറിച്ച് പ്രകാശ് ബാബു പങ്കുവെച്ച പോസ്റ്റിന് താഴെ കമന്റുമായാണ് ജലീൽ എത്തിയത്.
പൊന്നും വില നൽകി പിണറായി സർക്കാർ സ്ഥലം ഏറ്റെടുത്ത് കൊടുത്തത് കൊണ്ടാണ് പദ്ധതി നടപ്പിലാക്കാൻ സാധിച്ചത് എന്ന് ജലീൽ പറഞ്ഞു. സ്ഥലം ഏറ്റെടുപ്പ് മുടക്കാൻ യുഡിഎഫും ബിജെപിയും ഒത്തൊരുമിച്ച് ശ്രമിച്ചിരുന്നു. അതിനെയെല്ലാം പിണറായി സർക്കാർ പുല്ലുപോലെ നേരിട്ടാണ് ഭൂമി ഏറ്റെടുത്ത് നാഷണൽ ഹൈവേ അതോറിറ്റിക്ക് കൈമാറിയത് എന്നും ജലീൽ കമന്റിൽ പ്രതികരിച്ചു.
പഞ്ചാബിന്റെ വികസനത്തിന്റെ കാര്യം പറയുമ്പോൾ സഖാവ് എന്തിനാണ് കേരളത്തിലെ കാര്യങ്ങൾ ചോദിക്കുന്നത് എന്നാണ് അഡ്വ പ്രകാശ് ബാബു ഇതിന് നൽകിയ മറുപടി.
”പഞ്ചാബിലെ അമൃത്സറിൽ നിന്ന് ഗുജറാത്തിലെ ജാംനഗറർ വരെയുള്ള 1224 കിലോമീറ്റർ ഗ്രീൻ കോറിഡോർ 80000 കോടി രൂപ ചിലവഴിച്ച് നരേന്ദ്രമോദി സർക്കാർ നിർമ്മിക്കുമ്പോൾ അതിന് സ്ഥലം വാങ്ങിക്കൊടുത്തത് പിണറായി 5500 കോടി ചിലവഴിച്ചാണെന്ന് പറഞ്ഞത് അടിച്ച ബ്രാൻറ് മാറിപ്പോയതുകൊണ്ടാകാം” എന്ന് പ്രകാശ് ബാബു കുറിച്ചു. ആന പാറുന്ന കാറ്റത്ത് ആട് പാറിയ കഥ പറയല്ലേ അർദ്ധ സഖാവേ എന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരിപാത നിർമ്മിക്കാൻ നരേന്ദ്രമോദി സർക്കാർ 55000 കോടി രൂപയാണ് മുടക്കുന്നത് എന്ന് പ്രകാശ് ബാബു വ്യക്തമാക്കി. അതിൽ പിണറായി വിജയൻ എത്ര രൂപയാണ് മുടക്കിയത് എന്ന് അദ്ദേഹം ചോദിച്ചു. 5500 കോടി രൂപ സ്ഥലമേറ്റെടുക്കാൻ സംസ്ഥാനം കൊടുത്തെങ്കിൽ ബാക്കിവരുന്ന 75%, അതായത് 16500 കോടി രൂപയും കൊടുത്തത് നരേന്ദ്രമോദി തന്നെയാണ്. ഇനി നിങ്ങൾ 25% തന്നില്ലെങ്കിലും കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരിപാത വന്നിരിക്കും.
സൗകര്യം കിട്ടുമ്പോൾ ആറുവരിപാതയിൽ നിന്ന് സെൽഫി എടുക്കാൻ മറക്കല്ലേയെന്നും പ്രകാശ് ബാബു പ്രതികരിച്ചു.
Discussion about this post