ശാരീരികാരോഗ്യത്തില്‍ വ്യായാമത്തിനുള്ള പങ്കിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നവരാണ് നമ്മള്‍. ആരോഗ്യസംരക്ഷണത്തില്‍ വ്യായാമത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് അതൊരു ചിട്ടയായി കൊണ്ടുനടക്കുന്നവര്‍ ഇന്ന് ഏറെയാണ്. ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും വളരെ പ്രധാനമാണെന്നും ശരീരത്തിന് എന്തെങ്കിലും അസുഖം വന്നാല്‍ ചികിത്സ തേടുന്നത് പോലെ മനസിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കും പ്രതിവിധി തേടണമെന്ന അവബോധം മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്നത്തെ സമൂഹത്തില്‍ വളര്‍ന്നുവരുന്നുണ്ട്. എന്നാല്‍ ശരീരികാരോഗ്യം സംരക്ഷിക്കാന്‍ വ്യായാമം ചെയ്യുന്നത് പോലെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ ചില വ്യായാമങ്ങളൊക്കെ ചെയ്യണമെന്ന അറിവ് എത്രപേര്‍ക്കുണ്ട്? എന്നാല്‍ അതുവേണം. മനസിന് കരുത്തുണ്ടായാലേ എത് പ്രതിസന്ധികളിലും തളരാതെ മുന്നോട്ട് പോകാന്‍ നമുക്കാവൂ. മാനസികാരോഗ്യം ശക്തിപ്പെടുത്താന്‍ നാം തന്നെ മുന്നിട്ടിറങ്ങണം. അതിന് സഹായിക്കുന്ന ചില വ്യായാമമുറകള്‍ പരിചയപ്പെടാം.
യോഗ നല്‍കുന്ന സ്വാസ്ഥ്യം
യോഗ ചെയ്യുന്നത് ബുദ്ധിവികാസത്തിനും മാനസികാരോഗ്യം സംരക്ഷിക്കാനും അല്‍ഷൈമേഴ്‌സ്, ഡിപ്രഷന്‍, ഏകാഗ്രതക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ തടുക്കാനും വളരെ നല്ലതാണ്. ഒരു വ്യക്തിയുടെ ബോധ, ഉപബോധ തലങ്ങളിലുള്ള എല്ലാ പ്രവൃത്തികളും കൂടിച്ചേരുന്നതാണ് മനസെന്നാണ് യോഗ പഠിപ്പിക്കുന്നത്. നമ്മുടെ ചിന്തകള്‍, വികാരങ്ങള്‍, ഓര്‍മ്മകള്‍, വിശ്വാസങ്ങള്‍ എന്തിന് അഹംഭാവം വരെ, നമ്മുടെ അസ്തിത്വത്തെ അടയാളപ്പെടുത്തുന്നതെല്ലാം മനസുമായി ബന്ധപ്പെട്ട് കിടക്കുന്നു. ധ്യാനം, ആധ്യാത്മികത തുടങ്ങി പല രീതികളില്‍ നമുക്ക് മനസിനെ അടുത്തറിയാനാകും.
മനഃശക്തി വര്‍ധിപ്പിക്കാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ചില യോഗ മുറകളാണ് താഴെ.
ധ്യാനം
ചിന്തകള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കാനും ഏകാഗ്രത മെച്ചപ്പെടുത്താനും മെഡിറ്റേഷന്‍ അഥവാ ധ്യാനം പോലെ ഫലപ്രദമായ മറ്റൊന്നില്ല. ആധിയും ആശയക്കുഴപ്പങ്ങളും അകറ്റി മനസിനെ ശാന്തമാക്കാന്‍ മെഡിറ്റേഷന്‍ സഹായിക്കുന്നു. മാത്രമല്ല, സ്ഥിരമായി മെഡിറ്റേറ്റ് ചെയ്യുന്നതിലൂടെ ഉല്‍പ്പാദനക്ഷമത വര്‍ധിക്കുകയും അങ്ങനെ സന്തോഷവും സമാധാനവും വര്‍ധിക്കുകയും ചെയ്യുന്നു.
പ്രാണായാമം
പ്രാണായാമം പോലുള്ള യോഗമുറകള്‍ മനഃശക്തി വര്‍ധിപ്പിക്കാന്‍ വളരെ നല്ലതാണ്. സ്ഥിരമായി പ്രാണായാമം ചെയ്താല്‍ മാനസികാരോഗ്യം വളരെ മെച്ചപ്പെടും. നെഗറ്റീവ് എനര്‍ജിയില്‍ നിന്നും മുക്തമാകാനും ദേഷ്യം, നിരാശ, ഉത്കണ്ഠ എന്നിവ നിയന്ത്രിക്കാനുമെല്ലാം പ്രാണായാമം സഹായിക്കും.
സിദ്ധ നടത്തരീതി
തെക്ക് നിന്നും വടക്കോട്ട് ‘8’ ആകൃതിയില്‍ നടക്കുന്നതാണ് സിദ്ധ നടത്തരീതി. തെക്ക് നിന്നും ആരംഭിച്ച് 8ന്റെ ആകൃതിയില്‍ വടക്ക് വരെ നടന്നെത്താന്‍ 21 മിനിട്ടെങ്കിലും എടുക്കും. വടക്ക് ദിശയില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നീട് തിരിച്ച് അതേപോലെ തെക്ക് ദിശയിലേക്ക് 21 മിനിട്ട് നടക്കണം. നടത്തം ശരീരത്തിന് വളരെ നല്ലതാണ്. ഈ രീതിയിലുള്ള നടത്തം ആളുകള്‍ക്ക് ദിശാബോധം നല്‍കുകയും മാനസിക, ആധ്യാത്മിക ക്ഷേമം മെച്ചപ്പെടുക്കുകയും ചെയ്യും.
ശിരോധാര
ശിരസ്സ്(തല), ധാര (ഒഴുക്ക്) എന്നീ സംസ്‌കൃത പദങ്ങളില്‍ നിന്നാണ് ശിരോധാര എന്ന വാക്കിന്റെ ഉത്ഭവം. തലയിലൂടെ വെള്ളം, പാല്‍, തൈര്, വെണ്ണ, എണ്ണ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ദ്രാവകം ഒഴിച്ചാണ് ശിരോധാര ചെയ്യുന്നത്. ആയുര്‍വേദത്തില്‍ ശിരോധാര ഒരു ചികിത്സാരീതി ആണ്. ഉഴിച്ചിലും ധാരയുമെല്ലാം ശരീരവും മനസും ശാന്തമാക്കാന്‍ വളരെ നല്ലതാണ്. ഉത്കണ്ഠ, ഡിപ്രഷന്‍ തുടങ്ങി ഇക്കാലത്ത് ഏറെപ്പേരില്‍ കണ്ടുവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തടയാന്‍ ധാര നല്ലതാണ്.
പോസ്റ്റീവ് ചിന്തകള്‍
ചിന്തകള്‍ മാറ്റിപ്പിടിച്ചാല്‍ തന്നെ തീരാവുന്നതേയുള്ള നമ്മുടെ മിക്ക മാനസിക പിരിമുറുക്കങ്ങളും. പോസിറ്റീവ് ചിന്തയിലൂടെ ചിലപ്പോള്‍ ജീവിതം തന്നെ മാറിമറിയും. ആ രീതിയില്‍ ചിന്തിച്ച് തുടങ്ങിയാല്‍ നമ്മുടെ പ്രവൃത്തികളെല്ലാം മറ്റൊരു രീതിയിലാകും. വിവേകത്തോടെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമെല്ലാം പോസിറ്റീവ് ചിന്ത നമുക്ക് പ്രചോദനം നല്‍കും.
കൃതജ്ഞത ഉണ്ടായിരിക്കുക
കൃതജ്ഞത ഉള്ളവരായിരിക്കുന്നതിലൂടെ മനസിനും ശരീരത്തിനും ഏറെ ഉന്മേഷമുണ്ടാകും. കൃതജ്ഞത പോലെ വളരെ പോസിറ്റീവ് ആയ വികാരം പ്രകടിപ്പിക്കാന്‍ ഒരു മടിയും ഉണ്ടാകാതെ ഇരിക്കുക വലിയ കാര്യമാണ്. പോസിറ്റീവ് ചിന്തകള്‍ ഉള്ള ഒരാള്‍ക്ക് അതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരിക്കില്ല,
ശാരീരിക വ്യായാമം
സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരത്തിന് മാത്രമല്ല, മനസിനും ഉന്മേഷവും ആരോഗ്യവും പകരും.
Discussion about this post