കോഴിക്കോട്: ആർഎസ്എസുമായുള്ള ചർച്ച എന്ന പേരിൽ സിപിഎമ്മും മുഖ്യമന്ത്രിയും ഇസ്ലാമോഫോബിയ വളർത്തുകയാണെന്ന് ജമാഅത്തെ ഇസ്ലാമി. ആർഎസ്എസുമായുള്ള ചർച്ച വിവാദമാക്കിയതിന് പിന്നിൽ സിപിഎമ്മിന്റെ തിരക്കഥയെന്ന് ജമാഅത്തെ ഇസ്ലാമി കുറ്റപ്പെടുത്തി. ഇപ്പോൾ നടക്കുന്നത് വില കുറഞ്ഞ തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്. മുഖ്യമന്ത്രിയുടെ ജമാ അത്തെ ഇസ്ലാമി വിമർശനം ഇസ്ലാമോഫോബിയ ആണെന്നും കേരള അസിസ്റ്റന്റ് അമീർ മുജീബ് റഹ്‌മാൻ കുറ്റപ്പെടുത്തി.
ചർച്ചയുടെ വിശദാംശങ്ങൾ പുറത്തു വിടണം എന്നാവശ്യപ്പെടുന്ന മുഖ്യമന്ത്രി 2016ൽ മദ്ധ്യസ്ഥതയിൽ നടന്ന സിപിഎം-ആർഎസ്എസ് ചർച്ചയുടെ വിശദാംശങ്ങൾ വ്യക്തമാക്കുമോയെന്നും മുജീബ് റഹ്‌മാൻ ചോദിച്ചു.വില കുറഞ്ഞ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് മുഖ്യമന്ത്രിയുടെതെന്നും ജമാഅത്തെ ഇസ്ലാമി കുറ്റപ്പെടുത്തി.
മുസ്ലീം ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പലരീതിയിൽ ജമാഅത്തെ ഇസ്ലാമി ഉയർത്തിക്കാട്ടാറുണ്ട്. അതിൽ മതേതര പാർട്ടികളെ ഒപ്പം ചേർക്കാറുണ്ട്. കൂട്ടായ്മയ്ക്കായി യത്നിക്കാറുണ്ട്. അതോടൊപ്പം തന്നെ സംഘപരിവാറിനോട് നേരിട്ട് വിഷയം ഉന്നയിക്കുക എന്നത് സമരത്തിന്റെ ഭാഗമായിട്ടാണ് ജമാഅത്തെ ഇസ്ലാമി കാണുന്നത്. സമരത്തിന് ഒറ്റമുഖം മാത്രമല്ല ഉള്ളതെന്ന് പി മുജീബ് റഹ്‌മാൻ കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും തമ്മിൽ ചർച്ച നടന്നിട്ടില്ലെന്നും ആർഎസ്എസുമായാണ് മുസ്ലീം സംഘടനാ നേതൃത്വം ചർച്ച നടത്തിയതെന്ന് പി മുജീബ് റഹ്‌മാൻ വ്യക്തമാക്കി.
Discussion about this post