തിരുവനന്തപുരം: കറുപ്പ് വസ്ത്രമണിഞ്ഞ് മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രം പങ്കു വെച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ജീവിതം ആഘോഷിക്കുവിൻ എന്ന തലക്കെട്ടോടെയാണ് സഞ്ജു ഫേസ്ബുക്കിൽ ചിത്രം പങ്കു വെച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ, ‘അയാൾ കഥയെഴുതുകയാണ്‘ എന്ന മോഹൻലാൽ ചിത്രത്തിലെ സംഭാഷണ ശകലങ്ങളും സഞ്ജു ഉൾപ്പെടുത്തിയിട്ടുണ്ട്.
‘നമുക്ക് കിട്ടിയ ഈ ജീവിതം പരിപൂർണമായി ആഘോഷിക്കുക. നമ്മുടെ വിജയങ്ങൾ ആഘോഷിക്കുക, നമ്മുടെ സങ്കടങ്ങൾ ആഘോഷിക്കുക, നമ്മുടെ പരാജയങ്ങൾ ആഘോഷിക്കുക, നമ്മുടെ മരണം ആഘോഷിക്കുക‘ എന്ന സംഭാഷണ ശകലമാണ് ചിത്രത്തോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ചിത്രത്തെ ട്രോളന്മാരും ഏറ്റെടുത്തിരിക്കുകയാണ്. പ്രതിഷേധം ഭയന്ന് വേദികളിൽ കറുപ്പിന് നിരോധനം ഏർപ്പെടുത്തിയ മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാനാണോ ഇരുവരുടെയും ഉദ്ദേശ്യം എന്നാണ് ചിലർ ചോദിക്കുന്നത്. ഇരുവരെയും ഉടൻ പോരാളി ഷാജി ഉൾപ്പെടെയുള്ള സൈബർ സഖാക്കൾ സംസ്ഥാന ദ്രോഹികളായി പ്രഖ്യാപിക്കുമെന്നും ട്രോളന്മാർ കമന്റ് ചെയ്യുന്നു. രണ്ട് പേരും രണ്ടും കൽപ്പിച്ചാണ്, അല്ലേ എന്നും ചിലർ ചോദിക്കുന്നു.
പരിക്കിനെ തുടർന്ന് ദേശീയ ടീമിൽ നിന്നും പുറത്തായ സഞ്ജു സാംസൺ, ഐപിഎല്ലിലൂടെ ഈ വർഷത്തെ ക്രിക്കറ്റ് സീസൺ ഗംഭീരമായി പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബൻ‘ എന്ന ചിത്രത്തിലൂടെ തിയേറ്ററുകളിൽ വീണ്ടും ആരവങ്ങൾ തീർക്കാനുള്ള ഒരുക്കത്തിലാണ് മോഹൻലാൽ.
Discussion about this post