കൊച്ചി: പുരുഷന്മാർ അരങ്ങു വാണിരുന്ന ഹാസ്യപരിപാടികളുടെ അവതരണ രംഗത്തേക്ക് പുതുമകളുമായി കടന്നു വന്ന് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കലാകാരിയായിരുന്നു സുബി സുരേഷ്. സ്റ്റേജ് ഷോകളിലും ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും പ്രേക്ഷകരെ ഒരേ പോലെ രസിപ്പിച്ച സുബിയുടെ അകാല വിയോഗം ഒരു ഞെട്ടലോടെയും നൊമ്പരത്തോടെയുമാണ് ആസ്വാദക ലോകം കേട്ടത്.
സ്കൂൾ പഠന കാലത്ത് മികച്ച നർത്തകിയായിരുന്നുവെങ്കിലും, ഒരു കലാകാരിയാകണം എന്നതിനേക്കാൾ, ഒരു പട്ടാളക്കാരിയാകണം എന്നതായിരുന്നു സുബിയുടെ ആഗ്രഹം. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കേരളത്തെ പ്രതിനിധീകരിച്ച് ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത മികച്ച എൻസിസി കേഡറ്റായിരുന്നു സുബി. ഉപരി പഠനത്തിനായി എറണാകുളം സെന്റ് തെരേസാസ് കോളേജ് തിരഞ്ഞെടുത്തത് പോലും അവിടെ എൻസിസി ഉള്ളതിനാലായിരുന്നു എന്ന് സുബി ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
പുരുഷന്മാരുടെ കുത്തകയായ ഹാസ്യാവതരണ രംഗത്തേക്ക് ഇടിച്ചു കയറി ചെന്ന് പിടിച്ചു നിൽക്കാൻ കഴിഞ്ഞതും, സഭാകമ്പം എന്നത് കുട്ടിക്കാലത്തേ ഒഴിവാക്കാൻ സാധിച്ചതും, വ്യക്തിത്വത്തിലും ശരീര ഭാഷയിലും ദൃഢത നിലനിർത്താൻ സാധിച്ചതും എൻസിസിയുടെ പരിശീലനത്തിന്റെ ഗുണമാണെന്നും സുബി അടുത്തയിടെ വെളിപ്പെടുത്തിയിരുന്നു.
സ്കൂൾ പഠന കാലത്ത് ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തതിന് പുറമേ, ക്രോസ് കണ്ട്രി മത്സരത്തിൽ വെങ്കല മെഡലും മികച്ച കേഡറ്റിനുള്ള ട്രോഫിയും സുബി സുരേഷ് സ്വന്തമാക്കിയിട്ടുണ്ട്. ഓൾ കേരള സെക്കൻഡ് ബെസ്റ്റ് കേഡറ്റായും സുബി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എൻസിസി കാലത്തെ ഓർമ്മകൾക്കൊപ്പം, യൂണിഫോമിലുള്ള തന്റെ ചിത്രവും സുബി സാമൂഹിക മാദ്ധ്യമത്തിൽ പങ്കു വെച്ചിരുന്നു. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ പഠിക്കുമ്പോഴുള്ള ചിത്രമായിരുന്നു സുബി പങ്കു വെച്ചത്.
കലാരംഗത്തേക്ക് വന്നില്ലായിരുന്നുവെങ്കിൽ ആരാകുമായിരുന്നു എന്ന ചോദ്യത്തിന്, കുട്ടിപ്പട്ടാളത്തിന്റെ പ്രിയങ്കരിയായ ഈ അവതാരകയ്ക്ക് എന്നും ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, ‘നാട് അഭിമാനത്തോടെ ഓർക്കുന്ന ഒരു പട്ടാളക്കാരിയാകുമായിരുന്നു..‘
Discussion about this post