തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധം വർധിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി എത്തുന്ന റൂട്ട് അവസാന നിമിഷം മാത്രം പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുന്ന രീതി തുടങ്ങി. സഞ്ചാരപാത വയർലെസിൽ അറിയിക്കാതെ, ഡ്യൂട്ടിയിലുള്ള പ്രധാന പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്കാണ് ഇപ്പോൾ എത്തുന്നത്. പ്രതിഷേധ സമരങ്ങൾ കനത്തതിന് പിന്നാലെയാണ് തീരുമാനം.
സാധാരണ ഗതിയിൽ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ രണ്ട് വഴികൾ കണ്ടെത്തി വച്ചിട്ടുണ്ടാകും. ജില്ലാ പോലീസ് മേധാവിമാർക്കാണ് ഇതിന്റെ ചുമതല. ഒരു റൂട്ടിൽ സമരക്കാരുണ്ടെങ്കിൽ അവസാന നിമിഷം ബദൽ റൂട്ട് സ്വീകരിക്കുകയാണ് ചെയ്യുക. ഇപ്പോൾ ബദൽ റൂട്ടിലും കരിങ്കൊടി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. എല്ലാ പോലീസുകാർക്കും കേൾക്കാവുന്ന രീതിയിലായിരുന്ന വയർലെസ് സന്ദേശങ്ങൾ നൽകിയിരുന്നത്. ഇതൊഴിവാക്കിയാണ് മൊബൈൽ ഫോണിനെ ആശ്രയിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വിവിഐപി സുരക്ഷയ്ക്ക് ഡിസിപി റാങ്കിലുള്ള തസ്തിക സൃഷ്ടിച്ച് ജി.ജയദേവിന് ചുമതല നൽകി. സംസ്ഥാനം മുഴുവനുമുള്ള ചുമതലയോടെയാണ് പുതിയ നിയമനം. ആംഡ് പോലീസ് ബറ്റാലിയൻ കമാൻഡൻഡിന്റെ അധിക ചുമതലയും ജയദേവ് വഹിക്കും.
Discussion about this post