തിരുവനന്തപുരം: ഗവർണർ ഒപ്പിടാതെ തടഞ്ഞു വച്ചിരിക്കുന്ന ബില്ലുകളിന്മേൽ ഇന്ന് നാല് മന്ത്രിമാർ നേരിട്ടെത്തി വിശദീകരണം നൽകും. ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലുൾപ്പെടെ എട്ടു ബില്ലുകളാണ് രാജ്ഭവനിലുള്ളത്. ഇതിൽ ലോകായുക്ത, സർവകലാശാല നിയമ ഭേദഗതികൾക്ക് ഗവർണർ അംഗീകാരം നൽകാനിടയില്ല.
വൈകിട്ട് ഏഴ് മണിക്കാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തുന്നത്. ഏഴരയോടെ മന്ത്രിമാരായ പി.രാജീവ്, ആർ.ബിന്ദു, വി.എൻ.വാസവൻ, ജെ.ചിഞ്ചുറാണി എന്നിവരെ കാണും. ഇതുവരെ ഒപ്പിടാതെ വച്ചിരിക്കുന്ന ഓരോ വകുപ്പിന്റേയും ബില്ലുകൾ സംബന്ധിച്ച് പ്രത്യേകം ആശയവിനിമയം നടത്തും. അതിന് ശേഷം മന്ത്രിമാർക്ക് രാജ്ഭവനിൽ അത്താഴ വിരുന്നിനും ക്ഷണമുണ്ട്.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണരെ മാറ്റുന്ന ബിൽ, വിസി നിയമന സെർച്ച് കമ്മറ്റിയിൽ സർക്കാരിന് മേൽക്കൈ ഉറപ്പിക്കുന്ന ബിൽ എന്നിവ സംബന്ധിച്ച് മന്ത്രി ആർ.ബിന്ദു ഗവർണർക്ക് വിശദീകരണം നൽകും.ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ, സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ, ലോകായുക്ത ബിൽ, മിൽമ ഭരണസമിതി ഭേദഗതി ബിൽ അടക്കമുള്ള ബില്ലുകളിലാണ് ഗവർണർ ഒപ്പ് വക്കാതിരിക്കുന്നത്.
Discussion about this post