എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആർആർആർ ലോകമെമ്പാടുമുള്ള ആരാധകരെ ആകർഷിച്ചിരിക്കുകയാണ്. സ്പീൽബർഗ് അടക്കം ലോകപ്രശസ്തരായ നിരവധി സംവിധായകർ സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. 95-ാമത് അക്കാദമി അവാർഡിൽ നോമിനേഷൻ നേടിയ സിനിമയിതാ ഇപ്പോൾ ക്രിട്ടിക്‌സ് ചോയ്‌സ് സൂപ്പർ അവാർഡ്‌സിലെ മികച്ച ആക്ഷൻ സിനിമ വിഭാഗത്തിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുകയാണ്. ടോപ് ഗൺ: മാവെറിക്ക്, ബുള്ളറ്റ് ട്രെയിൻ എന്നിവയ്‌ക്കൊപ്പമാണ് ആർആർആർ നോമിനേറ്റ് ചെയ്യപ്പെട്ടത്.
ഇത് കൂടാതെ മികച്ച നടനുള്ള വിഭാഗത്തിൽ രാം ചരണിനും ജൂനിയർ എൻടിആറിനും പുരസ്‌കാരത്തിനുള്ള നോമിനേഷൻ ലഭിച്ചിരിക്കുകയാണ്. ടോം ക്രൂസ്, ബ്രാഡ് പിറ്റ്, നിക്കോളാസ് കേജ് തുടങ്ങിയവരാണ് നോമിനേഷൻ ലഭിച്ച മറ്റ് താരങ്ങൾ. ബ്രാഡ് പിറ്റിന് ‘ബുള്ളറ്റ് ട്രെയിൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനും നിക്കോളാസ് കേജിന് ‘ദ അൺബ്രേക്കബിൾ വെയ്റ്റ് ഓഫ് മാസീവ് ടാലെന്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിനും ടോം ക്രൂസിന് ‘ടോപ് ഗൺ: മാവെറിക്കി’ലെ അഭിനയത്തിനുമാണ് നോമിനേഷൻ ലഭിച്ചത്. മാർച്ച് 19 നാണ് പ്രഖ്യാപനം.
ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം അടുത്തിടെ ഗോൾഡ് ഗ്ലോബ് അവാർഡ് നേടിയിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.
Discussion about this post