കണ്ണൂർ: പ്രമുഖ മലയാളം ചാനൽ മാതൃഭൂമി ന്യൂസിന് സ്വന്തമായി വിലക്കേർപ്പെടുത്തി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ദല്ലാൾ നന്ദകുമാറിന്റെ വാർത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് വിലക്ക്. ദല്ലാൾ നന്ദകുമാറിന്റെ വസതി സന്ദർശിച്ചതുമായി ബന്ധപ്പെട്ട് പ്രതികരണം ആരായാനെത്തിയതായിരുന്നു മാദ്ധ്യമപ്രവർത്തകർ. കണ്ണൂരിലെ വസതിയിലെത്തിയ മാദ്ധ്യമപ്രവർത്തകരിൽ നിന്ന് മാതൃഭൂമി ന്യൂസിനെ മാറ്റി നിർത്തുകയായിരുന്നു. മാതൃഭൂമി ന്യൂസ് അംഗങ്ങൾ ഒഴികെയുള്ള അംഗങ്ങൾ അകത്തേക്ക് കയറിയാൽ മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു.
നിങ്ങൾക്ക് എന്തും ചെയ്യാനുള്ള അധികാരമുണ്ടെന്നാണ് നിങ്ങളുടെ പത്രധർമ്മമെന്ന് ധരിച്ച് വച്ചിരിക്കുന്നതെന്ന് ഇപി ജയരാജൻ കുറ്റപ്പെടുത്തി. നിങ്ങൾ നെറികേട് ചെയ്യുന്നവരാണെന്നും കള്ളം പ്രചരിപ്പിക്കുന്നവരാണെന്നും ചാനലിന്റെ പ്രതിനിധിയുടെ മുഖത്ത് നോക്കി ഇപി ജയരാജൻ പറഞ്ഞു. ഗവർണർ മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയപ്പോഴും ബിബിസി ഡോക്യുമെന്റിയുടെ പേരിലും മാദ്ധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിച്ച എൽഡിഎഫ് കൺവീനറാണ് തനിക്കെതിരായ വാർത്ത നൽകിയെന്ന കാരണകത്താൽ ചാനലിന് വിലക്കേർപ്പെടുത്തിയത്.
ഒരു വിഭാഗം മാദ്ധ്യമങ്ങൾ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ്. രാവിലെ മുതൽ വ്യാജവാർത്ത ചില ചാനലുകൾ ചമയ്ക്കുകയാണെന്നും ഇപി ജയരാജൻ പറഞ്ഞു. മാതൃഭൂമി ബോധപൂർവം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനും വ്യക്തിഹത്യ നടത്താനുമാണ് ചാനൽ ആസൂത്രിതമായി ശ്രമിക്കുന്നത്. കുറച്ച് കാലങ്ങളായി ഇത് തുടരുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഇതിന് പുറകിൽ ആരാണെന്ന് ഏകദേശം ധാരണയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്റെ രക്തത്തിനായി മാതൃഭൂമി ദാഹിക്കുന്നുണ്ട്. അവർ നല്ലവണ്ണം കുടിക്കട്ടെയെന്നും മനുഷ്യത്വരഹിതമായ നിലപാടാണെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.
Discussion about this post