കൊല്ലം: കറുത്ത ഷർട്ട് ധരിച്ച് വിനോദ സഞ്ചാര കേന്ദ്രത്തിൽ പോകാനെത്തിയ യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് അഷ്ടമുടിക്കായലിന് നടുവിലെ സാമ്പ്രാണിക്കോടി തുരുത്ത് കാണാനെത്തിയ യുവാക്കളാണ് കറുപ്പ് ഷർട്ട് ധരിച്ചതിന്റെ പേരിൽ 8 മണിക്കൂർ കസ്റ്റഡിയിൽ കഴിഞ്ഞത്.
മുഖ്യമന്ത്രി ഇന്നലെ കൊല്ലത്ത് എത്തിയിരുന്നു. ഇതറിയാതെ തുരുത്ത് കാണാൻ കറുപ്പ് ഷർട്ട് ധരിച്ച് എത്തിയ ആലപ്പുഴ അരൂർ സ്വദേശികളായ ഫൈസൽ (18), അമ്പാടി (19) എന്നിവരെയാണ് ബൈക്ക് മോഷ്ടാക്കൾ എന്ന് ആരോപിച്ച് പോലീസ് പിടിച്ചു കൊണ്ട് പോയത്.
കഴിഞ്ഞ ദിവസം രാവിലെ 10.00 മണിയോടെയാണ് യുവാക്കൾ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷന് പുറത്തെ കടയിൽ നിന്നും വെള്ളം വാങ്ങി സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ചാരി ഇരിക്കുമ്പോഴായിരുന്നു ഈസ്റ്റ് പോലീസ് എത്തി കസ്റ്റഡിയിൽ എടുത്തത്. റെയിൽവേ സ്റ്റേഷന് സമീപത്തെ ക്യുഎസി മൈതാനത്തും ടൗൺ ഹാളിലുമായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടികൾ.
തങ്ങൾ ബൈക്ക് മോഷ്ടാക്കളല്ലെന്ന് യുവാക്കൾ പറഞ്ഞിട്ടും പോലീസ് വിട്ടില്ല. ഉച്ചയ്ക്ക് ശേഷം കറുപ്പ് ഷർട്ട് ധരിച്ച് എത്തിയ കുറച്ചു പേരെ കൂടി സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് യുവാക്കൾക്ക് സംഗതികളുടെ കിടപ്പ് ഏറെക്കുറെ ബോദ്ധ്യമായത്. രാത്രിയോടെ മാതാപിതാക്കളെ വിളിച്ചു വരുത്തിയ ശേഷമാണ് യുവാക്കളെ പോലീസ് പോകാൻ അനുവദിച്ചത്. ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ കറുപ്പ് വസ്ത്രം ധരിച്ചതിന്റെ പേരിൽ 3 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
Discussion about this post